ന്യൂയോർക്ക് : രണ്ടാമതൊരിക്കൽ കൂടി യുഎസ് പ്രസിഡന്റ് ആവാൻ ജോ ബൈഡനും ഡൊണാൾഡ് ട്രംപിനൊപ്പം ഇറങ്ങുമോ എന്നതാണ് ഇടക്കാല തിരഞ്ഞടുപ്പ് കഴിഞ്ഞതോടെ ചർച്ചാ വിഷയം. നവംബർ 20 നു 80 വയസായ യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ പ്രസിഡന്റ് വീണ്ടും മത്സരിക്കാൻ താൽപര്യമുണ്ടെന്നു സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഔപചാരികമായി പ്രഖ്യാപിപിച്ചിട്ടില്ല. 76ൽ എത്തിയ ട്രംപ് ആവട്ടെ, റിപ്പബ്ലിക്കൻ പാർട്ടിയിൽ ആരെക്കാളും മുൻപേ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു: 2024ൽ ഞാനുണ്ട്.
ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കു പ്രതീക്ഷിച്ച നേട്ടം ഉണ്ടാവാതെ പോയതിനു ട്രംപിനെ കുറ്റപ്പെടുത്തുന്നതിനിടെ പ്രബലരായ എതിരാളികൾ എത്തി നോക്കുന്നുമുണ്ട്. എതിർത്താൽ തീർത്തു കളയുമെന്നൊക്കെ ട്രംപ് ഭീഷണി മുഴക്കുന്നുണ്ടെങ്കിലും അമേരിക്കയുടെ വ്യവസ്ഥാപിത രീതികൾ
അറിയുന്നവർക്ക് അതൊക്കെ വിഷയമല്ല.
2024 നവംബറിൽ മത്സരിച്ചാൽ ബൈഡൻ 82 ന്റെ പടിവാതിലിൽ എത്തിയിരിക്കും. ട്രംപിന് 78 എത്തും. പ്രായവും അതു കൊണ്ട് ഉണ്ടായിട്ടുള്ള മറവി തുടങ്ങിയ പ്രശ്നങ്ങളും ബൈഡന്റെ കാര്യത്തിൽ പ്രസക്തമായതു കൊണ്ട് ഡെമോക്രാറ്റിക് പാർട്ടി കൂടുതൽ ചെറുപ്പമായ ഒരു സ്ഥാനാർത്ഥിയെ ആഗ്രഹിക്കുന്നു. ജി ഓ പി യിൽ ട്രംപിനോടുള്ള എതിർപ്പ് ആവട്ടെ, പ്രായം മാത്രം കൊണ്ടല്ല. അദ്ദേഹത്തിന്റെ തീവ്രവും അയഥാർഥവുമായ സമീപനങ്ങൾ പാർട്ടിക്കു തിരിച്ചടികൾ കൊണ്ട് വരുന്നു എന്ന ചിന്ത കൊണ്ടു കൂടിയാണ്. വ്യക്തിപരമായ കൂറ് മാത്രം പരിഗണിച്ചു ട്രംപ് ഇറക്കിയ സ്ഥാനാർഥികളിൽ ഏറിയ കൂറും ഇടക്കാല തിരഞ്ഞെടുപ്പിൽ തോറ്റു പോയിരുന്നു.
റിപ്പബ്ലിക്കൻ പാർട്ടിയിൽ ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് വ്യക്തമായ മുൻതൂക്കം നേടിയിട്ടുണ്ട്. ഡെമോക്രറ്റിക് നിരയിൽ കലിഫോണിയ ഗവർണർ ഗവിൻ ന്യൂസം, വൈസ് പ്രസിഡന്റ് കമല ഹാരിസ് തുടങ്ങി താരതമ്യേന പ്രായം കുറഞ്ഞവർ ഉണ്ട്.
ട്രംപിനെ വൻ ഭൂരിപക്ഷത്തിൽ വീഴ്ത്താൻ ബൈഡനു കഴിയും എന്നാണ് വിലയിരുത്തൽ. ബൈഡനെ തോൽപ്പിച്ച് 2020 ലെ തോൽവിക്ക് പകരം വീട്ടാനാണ് ട്രംപിന്റെ ആഗ്രഹം. ഡിസാന്റിസ് ഇറങ്ങിയാൽ ബൈഡൻ കടുത്ത മത്സരം നേരിടും. എങ്കിലും ഇടക്കാല തിരഞ്ഞെടുപ്പിൽ ആഞ്ഞടിക്കുമെന്നു പ്രതീക്ഷിച്ച ചുവപ്പു തരംഗം തടഞ്ഞു നിർത്തിയ ബൈഡനു ഭരണത്തിന്റെ ചില നേട്ടങ്ങളും അവകാശപ്പെടാനുണ്ട്.
ബൈഡൻ ഒഴിവായാൽ സഹായിക്കണം എന്ന ആവശ്യവുമായി ഡെമോക്രാറ്റിക് നേതാക്കൾ പലരും ധനസഹായം നൽകുന്നവരെ സമീപിച്ചിട്ടുണ്ട്. ഹാരിസിനു വനിതാ വോട്ടർമാരുടെ നല്ല പിന്തുണ ഉണ്ടാവാം. എന്നാൽ ഹിലരി ക്ലിന്റൺ വീണ്ടും ഇറങ്ങും എന്നും റിപ്പോർട്ട് ഉണ്ട്.
വീഞ്ഞു വില്പനയിൽ നിന്ന് രാഷ്ട്രീയത്തിൽ എത്തിയ ന്യൂസം കലിഫോണിയയിൽ സ്വവർഗ വിവാഹം അനുവദിച്ചു പുരോഗമനവാദികളുടെ നേതാവായ ഗവർണറാണ്. ട്രംപിന്റെ വലതു തീവ്രവാദത്തിനെതിരെ പോരാട്ടം നയിക്കാൻ 2018 മുതൽ അദ്ദേഹം മുൻനിരയിലുണ്ട്. കോവിഡ് മഹാമാരി വന്നപ്പോൾ ധീരമായി നേതൃത്വം നൽകിയെന്ന കീർത്തിയുണ്ട്.
ഇടക്കാല തിരഞ്ഞെടുപ്പിൽ രണ്ടാം വട്ടം ജയിച്ചത് മികച്ച ഭൂരിപക്ഷത്തിലാണ്. പാർട്ടിക്ക് പണം നൽകുന്നവരുടെ വമ്പിച്ച പിന്തുണയും ഉണ്ട്. 2020 പ്രൈമറികളിൽ മത്സരിച്ച ഗതാഗത സെക്രട്ടറി പീറ്റ് ബുട്ടിഗീഗ് വീണ്ടും രംഗപ്രവേശം ചെയ്യുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. അന്ന് മത്സരിക്കുമ്പോൾ 38 വയസ് മാത്രമുള്ള അദ്ദേഹം മറ്റു പലരേക്കാൾ മുന്നിൽ എത്തിയെങ്കിലും ഒടുവിൽ ബൈഡനു പിന്തുണ പ്രഖ്യാപിച്ചു പിന്മാറി.
ഹാർവാഡിൽ നിന്നു ബിരുദമെടുത്ത ബുട്ടിഗീഗ് യൗവനവും പരിഷ്കാരവും കൊണ്ട് ശ്രദ്ധേയനായി. റോഡ്‌സ് സ്കോളര്ഷിപ്പിൽ പഠിച്ച അദ്ദേഹം അഫ്‌ഗാനിസ്ഥാനിൽ യുഎസ് നാവിക സേനയിൽ പൊരുതി.