ദോഹ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരിലുള്ള റെക്കോഡുകളുടെ ബാഹുല്യത്തിലേക്ക് ഒന്നുകൂടി. അഞ്ച് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ആദ്യ പുരുഷ താരം എന്നതാണ് പുതിയ നേട്ടം.
2006, 2010, 2014 ലോകകപ്പുകളില്‍ ഓരോ ഗോള്‍ നേടിയ ക്രിസ്ററ്യാനോ 2018ല്‍ നാല് ഗോളടിച്ചിരുന്നു. ഇത്തവണ ഘാനക്കെതിരെ 65ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റിയിലൂടെയാണ് അക്കൗണ്ട് തുറന്നിരിക്കുന്നത്.
2006ല്‍ ജര്‍മനിയില്‍ നടത്തിയ ലോകപ്പിലായിരുന്നു ക്രിസ്ററ്യാനോയുടെ ലോകകപ്പ് അരങ്ങേറ്റം. അന്ന് ഇറാനെതിരെ പെനാല്‍റ്റിയിലൂടെയായിരുന്നു കന്നി ഗോള്‍. ഇതോടെ ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പോര്‍ച്ചുഗീസ് താരമായും മാറിയിരുന്നു. അന്നു പ്രായം 21 വയസ്സും 132 ദിവസവും. ഇന്നത്തെ സിആര്‍ 7 അന്ന് ലൂയി ഫിഗോ നയിച്ച ടീമിലെ 17ാം നമ്പറുകാരനായിരുന്നു.
2010ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ക്യാപ്റ്റനായിറങ്ങുമ്പോള്‍ പ്രശസ്തമായ ഏഴാം നമ്പര്‍ കുപ്പായം സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. വടക്കന്‍ കൊറിയയെ പോര്‍ച്ചുഗല്‍ എതിരില്ലാത്ത ഏഴു ഗോളിനു തോല്‍പ്പിച്ച കളിയില്‍ ഒരെണ്ണം അദ്ദേഹത്തിന്റെ വകയായിരുന്നു. 2014ല്‍ ബ്രസീലില്‍ അരങ്ങേറിയ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഘാനയ്ക്കെതിരേ ഗോളടിച്ചു. പക്ഷേ, അന്ന് ടീം നോക്കൗട്ട് കാണാതെ പുറത്തായി.
2018ലെ റഷ്യന്‍ ലോകകപ്പില്‍ സ്പെയിനിനെതിരെ ഹാട്രിക് നേടിയതോടെ ലോകകപ്പില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. മൊറോക്കൊക്കെതിരായ മത്സരത്തിലായിരുന്നു അത്തവണത്തെ നാലാം ഗോള്‍.