Advertisment

ഭക്ഷണത്തിന് പണമില്ലാത്തതിനാല്‍ അനുവാദമില്ലാതെ , ബ്രഡ് കാന്റീനില്‍ നിന്നെടുത്ത് കഴിച്ച് വിശപ്പടക്കുന്ന നഴ്സ് !

author-image
athira kk
New Update

ഡബ്ലിന്‍ : എന്ത് ചെയ്താലും അത് മറച്ചുവയ്ക്കാതെ തുറന്നുപറയുന്നവരാണ് അയർലണ്ടിലെ സാധാരണക്കാർ. അത്തരത്തിലുള്ള ഒരു തുറന്നുപറച്ചിൽ ഇപ്പോൾ വൈറലാവുകയാണ് അയർലണ്ടിൽ. ഭക്ഷണത്തിന് പണമില്ലാത്തതിനാല്‍ 14 മണിക്കൂര്‍ നീണ്ട ഷിഫ്ടിനിടെ ടോസ്റ്റ് മോഷ്ടിച്ചു വിശപ്പടക്കുന്ന ദൈന്യ ജീവിതം സംബന്ധിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ തുറന്നുപറച്ചിലാണ് അയര്‍ലണ്ടിനാകെ നാണക്കേടാകുന്നത്. വല്ലാത്ത ഗതികേട് നേരിടുകയാണ് അയര്‍ലണ്ടിലെ നഴ്സുമാരെന്ന് ബോധ്യപ്പെടുത്തുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.

Advertisment

publive-image

ജോലി നഷ്ടപ്പെടുമെന്ന പേടി മൂലം പേര് വെളിപ്പെടുത്താന്‍ ഈ ആരോഗ്യ പ്രവര്‍ത്തകയ്ക്കാവുന്നില്ല. എങ്കിലും ഭക്ഷണത്തിനുള്ള വകപോലുമില്ലാതെ കഷ്ടപ്പെടുകയാണ് താനടക്കമുള്ള അയര്‍ലണ്ടിലെ നഴ്സുമാരിലെ നല്ലൊരു വിഭാഗവുമെന്ന് ഇവര്‍ പറയുന്നു.കാശില്ലാത്തതിനാല്‍ വിശന്നു വലഞ്ഞ തനിയ്ക്ക് മുന്നില്‍ ആശുപത്രിയില്‍ നിന്ന് ടോസ്റ്റും മറ്റും മോഷ്ടിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലായിരുന്നുവെന്ന് നഴ്‌സ് പറയുന്നു.

”ദിവസവും ജോലിയയ്ക്കെത്തുമ്പോള്‍ ഉച്ചഭക്ഷണത്തിനായി ഒന്നും ഉണ്ടാകാറില്ല.ഉറ്റ സുഹൃത്തുക്കളായ സഹപ്രവര്‍ത്തകര്‍ എന്തെങ്കിലും കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചാണ് എത്താറുള്ളത്. അല്ലെങ്കില്‍ അപരിചിതരെ ആശ്രയിക്കും. ചില ദിവസങ്ങളില്‍ രാവിലെ 6.30ന് ഷെഫ് വരുന്നതിന് തൊട്ടുമുമ്പ് ജോലിക്കെത്തും. എന്നിട്ട് ഉച്ചഭക്ഷണത്തിനുള്ള ബ്രഡ് കാന്റീനില്‍ നിന്നും എടുക്കും. ചിലപ്പോള്‍ രോഗികള്‍ക്കെന്ന പേരില്‍ അധിക ടോസ്റ്റും മറ്റും ഓര്‍ഡര്‍ ചെയ്തും കഴിക്കാറുണ്ടായിരുന്നു.ഓര്‍ക്കുമ്പോള്‍ ഒട്ടും അഭിമാനം തോന്നുന്ന നിമിഷങ്ങളായിരുന്നില്ല അതൊന്നും” നഴ്സ് സങ്കടത്തോടെ വെളിപ്പെടുത്തുന്നു.രോഗികളെയും പ്രായമായവരെയും പരിചരിക്കുന്ന നഴ്‌സുമാരുടെ ജീവിതമാണിത്.ഇതൊരു നഴ്സിന്റെ മാത്രം ജീവിതമല്ല, നിരവധിയായ ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ മാത്രമാണ്.

ഈ നഴ്സ് പറയുന്നത് മറ്റൊരു ജീവിതം

”പാസ്തയും ബ്രഡും ബീന്‍സും നൂഡില്‍സും മാത്രമാണ് ഇപ്പോഴത്തെ ആഹാരം.വിലകുറഞ്ഞതും എളുപ്പം വയര്‍ നിറയുന്നതുമായതിനാലാണ് ഇത് കഴിക്കുന്നത്.അല്ലാതെ പോഷക ഭക്ഷണമായിട്ടല്ല.മല്‍സ്യം, മാംസം എന്നിവയൊക്കെയും സ്വപ്നത്തില്‍ മാത്രമേയുള്ളു.ബില്ലുകളും വാടകയും ഇന്ധനചെലവും കഴിഞ്ഞ് മാസാവസാനമാകുമ്പോഴേയ്ക്കും കൈയ്യില്‍ പണമില്ലാതെയാകും” മിഡ്‌ലാന്‍ഡില്‍ താമസിക്കുന്ന മറ്റൊരു നഴ്സ് ഈഫ (32) പറയുന്നു.

എച്ച് എസ് ഇ ജോലിസ്ഥലത്ത് ഭക്ഷണം നല്‍കുന്നുണ്ട്. എന്നാല്‍ അത് കുറച്ചുമാത്രമാണ്. വിദേശത്തായിരുന്നു ഈഫ ജോലി ചെയ്തിരുന്നത്. കോവിഡ് സമയത്ത് എല്ലാ ഐറിഷ് നഴ്സുമാരെയും സര്‍ക്കാര്‍ തിരികെ വിളിച്ചിരുന്നു. അങ്ങനെ അയര്‍ലണ്ടിലേക്ക് വന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ മാത്രമേ നല്‍കിയുള്ളു. ഒന്നും ഇതുവരേയും പാലിച്ചിട്ടില്ല-ഈഫ പറയുന്നു.

പെന്‍ഷന്‍കാരുടെ ദുരിത ജീവിതം

ആഴ്ചയില്‍ ലഭിക്കുന്ന 200 യൂറോ പെന്‍ഷന്‍ കൊണ്ട് ജീവിക്കുന്ന നിരവധി പേരുണ്ട്. അവരുടെയൊക്കെ ജീവിതവും നഴ്സുമാരുടേതില്‍ നിന്നും വ്യത്യസ്തമല്ല.നഴ്സുമാരുടെ ജീവിതം മാത്രമല്ല, പെന്‍ഷനും സാമൂഹിക ക്ഷേമ ആനുകൂല്യങ്ങളുംകൊണ്ട് ജീവിക്കുന്ന നല്ലൊരു ശതമാനം ആളുകളുടെയും ജീവിതം വിലക്കയറ്റം മൂലം ദുരിതക്കയത്തിലാണെന്ന് പെന്‍ഷണറായ തെരേസ കാഹില്‍ പറയുന്നു.വൈദ്യുതി ബില്ലും ഹീറ്റിംഗും ഇന്റര്‍നെറ്റുമൊക്കെയായി പണം തീരും. പിന്നെ ജീവിതം ചോദ്യച്ചിഹ്നമാകും. വരാനിരിക്കുന്ന ക്രിസ്മസ്, പുതുവല്‍സര നാളുകള്‍ പേടിപ്പെടുത്തുകയാണ് -തെരേസ കാഹില്‍ പറയുന്നു.

ഭക്ഷണസാധനങ്ങളുടെ വില റെക്കോഡിനും മുകളില്‍

ഒരു വര്‍ഷത്തിനുള്ളില്‍ ഭക്ഷണം, മദ്യം, ഇതര പാനീയങ്ങള്‍ എന്നിവയുടെയൊക്കെ വില 10 ശതമാനത്തിലധികം വര്‍ധിച്ചതായി സി എസ് ഒ വെളിപ്പെടുത്തിയിരുന്നു. റൊട്ടിയുടെ വില 16 ശതമാനവും കോഴിയിറച്ചിയുടേത് 17.6 ശതമാനവും കൂടി.പാലിന്റെ വില 25.4 ശതമാനവും ബട്ടറിന്റെ വില 20 ശതമാനവുമാണ് വര്‍ധിച്ചത്.

റൊട്ടിയും പാലും പോലെയുള്ള സാധനങ്ങളുടെയെല്ലാം വില സര്‍വ്വകാല റെക്കോഡിലാണ്. വര്‍ധിച്ച ജീവിതച്ചെലവിലും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും ഒരു രീതിയിലും താങ്ങാന്‍ പറ്റുന്ന നിലയിലല്ല.ഫുഡ് ഷോപ്പിലെ ശരാശരി ചെലവ് 868 യൂറോയായി വര്‍ധിച്ചതായും കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.പാല്‍, റൊട്ടി, വെണ്ണ, മുട്ടകള്‍ എന്നിവയുടെ വില 1984 ജൂണിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ്.

 

 

Advertisment