Advertisment

കരാര്‍ വന്ന് രണ്ടുമാസമായിട്ടും നഴ്സുമാര്‍ക്ക് ശമ്പള വര്‍ധനവില്ല…. ആരോഗ്യ മേഖലയില്‍ ജീവനക്കാര്‍ നിരാശയില്‍

author-image
athira kk
New Update

ഡബ്ലിന്‍ : പൊതുമേഖലാ ശമ്പള കരാര്‍ അനുസരിച്ചുള്ള വര്‍ധിപ്പിച്ച വേതനം നല്‍കാത്തതിനെതിരെ നഴ്‌സുമാരടക്കമുള്ള ആരോഗ്യമേഖലയിലെ ജീവനക്കാരില്‍ അസംതൃപ്തി നിറയുന്നു. ഒക്ടോബറിലാണ് പുതിയ ശമ്പളക്കരാര്‍ സംബന്ധിച്ച് യൂണിയനുകള്‍ സര്‍ക്കാരുമായി ധാരണയിലെത്തിയത്.ഇതനുസരിച്ച് പൊതുമേഖലാ ജീവനക്കാര്‍ക്ക് രണ്ട് വര്‍ഷത്തിനുള്ളില്‍ 6.5% ശമ്പള വര്‍ധനവാണ് ലഭിക്കുക.ഫെബ്രുവരി 2022 മുതലുള്ള 3% വര്‍ധന ഈ വര്‍ഷാവസാനത്തിന് മുമ്പ് നല്‍കേണ്ടതുണ്ട്.

Advertisment

publive-image

പൊതുമേഖലയിലെ മറ്റ് ജീവനക്കാര്‍ക്കെല്ലാം ഈ തുക ലഭിച്ചു. എന്നാല്‍ നഴ്‌സുമാരും മിഡൈ്വഫുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇനിയും വര്‍ധിച്ച ശമ്പളം ലഭിച്ചിട്ടില്ല.എന്നു ലഭിക്കുമെന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ശമ്പളക്കരാര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുത്തണമെന്ന ആവശ്യവുമായി ഐ സി ടി യു ഗ്രൂപ്പ് ഓഫ് ഹെല്‍ത്ത്‌കെയര്‍ ട്രേഡ് യൂണിയനുകള്‍ രംഗത്തുവന്നത്. വോളന്ററി ആശുപത്രികള്‍ക്കും വോളന്ററി സംഘടനകള്‍ക്കും ധനസഹായം ലഭ്യമാക്കണമെന്നും യൂണിയനുകള്‍ എച്ച് എസ് ഇയോട് ആവശ്യപ്പെട്ടു.

പൊതുമേഖലയിലെ മറ്റ് അംഗങ്ങള്‍ക്ക് വര്‍ധിച്ച ശമ്പളം ലഭിച്ചിട്ടുണ്ട്. എന്നാല്‍ യൂണിയന്‍ അംഗങ്ങള്‍ക്ക് അംഗീകൃത വര്‍ദ്ധനവ് എന്ന് ലഭിക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്ന് എസ് ഐ പി ടി യു പറഞ്ഞു.അഭൂതപൂര്‍വമായ ജീവിതച്ചെലവ് പ്രതിസന്ധിയാണ് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും നേരിടുന്നത്. ഇത് കണക്കിലെടുത്ത്, ക്രിസ്മസിന് മുമ്പ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂട്ടിയ ശമ്പളം ലഭ്യമാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് എസ് ഐ പി ടി യുവിന്റെ കെവിന്‍ ഫിഗ്ഗിസ് പറഞ്ഞു.ശമ്പള വര്‍ധന വൈകുന്നത് അംഗീകരിക്കാനാവില്ലെന്ന് ഐറിഷ് നഴ്‌സ് ആന്‍ഡ് മിഡൈ്വവ്‌സ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി.സര്‍ക്കാരുമായി ശമ്പള കരാറുണ്ടായി. എന്നിട്ടും അത് എപ്പോഴാണ് അത് ലഭിക്കുകയെന്ന കാര്യത്തില്‍ തൊഴിലുടമകള്‍ക്ക് ഒരു വ്യക്തതയും നല്‍കാനാവുന്നില്ലെന്ന് ഫോര്‍സ പറഞ്ഞു.ഇത് വലിയ നിരാശയുണ്ടാക്കുന്ന കാര്യമാണെന്ന് ഫോര്‍സ പറഞ്ഞു.

വേതന വര്‍ധന നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് എച്ച് എസ് ഇ വക്താവ് പറഞ്ഞു.അതിനിടെ, സെക്ഷന്‍ 38 സ്റ്റാഫിന് നല്‍കാനുള്ള എല്ലാ ശമ്പള വര്‍ധനവും എത്രയും വേഗം നല്‍കണമെന്ന് ആരോഗ്യ വകുപ്പ് എച്ച് എസ് ഇയ്ക്ക് നിര്‍ദ്ദേശം നല്‍കി.

ഐ എന്‍എംഒ,ഫോര്‍സ,സിപ്ടു,ഐഎംഒ,എംഎല്‍എസ് എ,കണക്ട് ട്രേഡ് യൂണിയന്‍, വോളണ്ടറി ഹോസ്പിറ്റല്‍സ് ക്രാഫ്റ്റ് ഗ്രൂപ്പ്, യൂണൈറ്റ് എന്നിവ ചേര്‍ന്നതാണ് ഐസിടിയു ഗ്രൂപ്പ് ഓഫ് ഹെല്‍ത്ത് കെയര്‍ യൂണിയനുകള്‍.

Advertisment