ന്യൂയോർക്ക് : യുസിൽ 2021 മുൻപ് അച്ചടിച്ച കറൻസി 2023 കഴിഞ്ഞാൽ അസാധുവാകുമെന്ന പ്രചാരണം ട്രഷറി വകുപ്പ് നിഷേധിച്ചു. 2023 കഴിഞ്ഞാലും കറൻസി സാധുവായിരിക്കും. ഫേസ്ബുക്കിൽ ഉണ്ടായ പ്രചാരണം വ്യാജവും തീർത്തും അടിസ്ഥാനരഹിതവുമാണെന്നു ട്രഷറി വകുപ്പ് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ തന്നെ 200 ലേറെ തവണ ഫേസ്ബുക്കിൽ ഷെയർ ചെയ്ത പോസ്റ്റിൽ 2023ൽ യുഎസ് ഡോളറിനു വലിയ മാറ്റങ്ങൾ വരുമെന്നു അവകാശപ്പെട്ടിരുന്നു. നവംബർ 5 നാണു ആദ്യം പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
"എല്ലാ യുഎസ് കറൻസിയും സാധുവായി തന്നെ തുടരും," ട്രഷറി വകുപ്പ് വക്താവ് ജൂലിയ ക്രീഗർ പറഞ്ഞു. "അതിനൊരു മാറ്റവുമില്ല." ഫെഡറൽ റിസർവിന്റെ വെബ്സൈറ്റിലും കറൻസിക്കു മാറ്റങ്ങൾ വരുന്നതായി പറയുന്നില്ലെന്നു അവർ ചൂണ്ടിക്കാട്ടിയെന്നു 'യുഎസ്എ ടുഡേ' പറഞ്ഞു.
കറൻസി ഉപയോഗിക്കാൻ കഴിയാത്ത വിധം മോശമായാൽ അത് നശിപ്പിച്ചു കളയുമെന്നു ഫെഡ് പറയുന്നുണ്ട്. ഒരു ഡോളറിന്റെ നോട്ടിനു അവർ നൽകുന്ന പരമാവധി ആയുസ് 6.6 വർഷങ്ങളാണ്. $5 നോട്ട് 4.7 വര്ഷം എന്നാണ് കണക്ക്. എന്നാൽ $100 നു ഫെഡ് 22.9 വർഷം നൽകുന്നു.
ഡിജിറ്റൽ കറൻസി വിലയിരുത്താൻ അടുത്തിടെ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടിരുന്നു. അതിന്റെ പേരിലുണ്ടായ തെറ്റിദ്ധാരണയാവാം ഇതെന്നാണ് നിഗമനം. എന്നാൽ ഡിജിറ്റൽ കറൻസി ഉപയോഗം തുടങ്ങാൻ ബൈഡന്റെ ഉത്തരവിൽ പറയുന്നില്ല.
2021 നു മുൻപ് അച്ചടിച്ച 600 ബില്യൺ നോട്ടുകൾ പ്രചാരത്തിൽ ഉണ്ടെന്നാണ് ഒക്ടോബറിലെ വിലയിരുത്തൽ. അതിൽ $1 നോട്ടുകൾ 200 ബില്യണിലേറെ വരും. $5 ആവട്ടെ 50 ബില്യൺ. ഇവയെല്ലാം ഫെഡറൽ റിസേർവിന്റെ നിലവാരം നിലനിർത്തുന്നതോളം കാലം സാധുവായിരിക്കുമെന്ന് ട്രഷറി വകുപ്പ് വ്യക്തമാക്കി.