കാനഡയിലേക്ക് വന്നതിൽ ഞാനിപ്പോൾ ദുഖിക്കുന്നു; കുത്തേറ്റു മരിച്ച വിദ്യാർത്ഥിയുടെ പിതാവ്

author-image
athira kk
New Update

കാനഡ: കാനഡയിലെ സറേ നഗരത്തിൽ 18 വയസുള്ള ഇന്ത്യൻ വിദ്യാർഥി മെഹക്പ്രീത് സേഥി കുത്തേറ്റു മരിച്ചു. ന്യൂട്ടണിലെ തമാനവിസ് സെക്കണ്ടറി സ്കൂളിന്റെ പാർക്കിങ്ങിലാണ് ചൊവാഴ്ച ആക്രമണം ഉണ്ടായത്. ഈ സ്കൂളിൽ തന്നെ പഠിക്കുന്ന 17 കാരനാണ് കുറ്റാരോപിതൻ.
publive-image
ആയുധം സേഥിയുടെ ഹൃദയം തുളച്ചു കയറിയെന്നു ഡോക്ടർമാർ പറഞ്ഞതായി പിതാവ് ഹര്ഷപ്രീത് സേഥി അറിയിച്ചു. അതാണു മരണം സംഭവിക്കാൻ കാരണം. "കാനഡയിലേക്ക് വന്നതിൽ ഞാനിപ്പോൾ ദുഖിക്കുന്നു," അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ ഫരീദ്കോട്ട് ജില്ലയിൽ നിന്ന് എട്ടു വർഷം മുൻപാണ് ഈ കുടുംബം കാനഡയിൽ എത്തിയത്. 

Advertisment

"കുട്ടികൾക്ക് മെച്ചപ്പെട്ട ഭാവി ഉണ്ടാകുമല്ലോ എന്ന പ്രതീക്ഷയിലാണ് ഞാൻ ഇവിടെ എത്തിയത്. അവർ സുരക്ഷിതരാവും എന്നും കരുതി. ഇപ്പോൾ ഞാൻ ദുഖിക്കുന്നു, എന്റെ മക്കളെയും കൂട്ടി ഇവിടെ വന്നതിൽ."
കൊല്ലപ്പെട്ട സേഥിയും അക്രമിയും തമ്മിലുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. സഹോദരൻ ഭാവപ്രീതിനെ കൂട്ടികൊണ്ടു വരാൻ സ്കൂളിൽ പോയ മെഹക്പ്രീത് സേഥി അവിടെയല്ല പഠിക്കുന്നത്. ഭാവപ്രീതിന്റെ ജന്മദിനം അടുത്ത് വരുന്നതിനാൽ അവനെയും കൊണ്ട് കടയിൽ പോയി വസ്ത്രങ്ങൾ വാങ്ങാൻ മെഹക്പ്രീത് ഉദ്ദേശിച്ചിരുന്നുവെന്നു സഹോദരി പറഞ്ഞു. 

 "ആ കുട്ടിയുടെ കുടുംബം അയാളെ എന്തു വിധമാണ് വളർത്തിയത്?" ഹര്ഷപ്രീത് ചോദിച്ചു. "18 വര്ഷം ഞാൻ എന്റെ മകനെ വളർത്തിയതാണ്. ഇപ്പോൾ ഇങ്ങിനെ നഷ്ടപ്പെട്ടു."

Advertisment