ന്യൂയോർക്ക് : മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നികുതി രേഖകൾ യുഎസ് കോൺഗ്രസ് കമ്മിറ്റിയുടെ പരിശോധനയ്ക്കു വിട്ടു കൊടുക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ഡെമോക്രാറ്റിക് പാർട്ടിക്കു നേട്ടമായെങ്കിലും അതു നടപ്പാക്കുന്നതിനെ കുറിച്ച് പാർട്ടി ചിന്താക്കുഴപ്പത്തിലാണ്. ജനുവരി 3നു പുതിയ യുഎസ് ഹൗസ് നിലവിൽ വരുന്നതിനു മുൻപ് ഡെമോക്രാറ്റുകൾ നടപടി എടുക്കേണ്ടതുണ്ട്. കാരണം, പുതിയ സഭയിൽ അവർക്കു ഭൂരിപക്ഷമില്ല.
വർഷങ്ങളോളം ഹൗസ് കമ്മിറ്റി ആവശ്യപ്പെട്ട രേഖകളാണ് ഇപ്പോൾ അവർക്കു ലഭ്യമാവുന്നത്. ന്യു യോർക്ക് അറ്റോണി ജനറൽ ലെറ്റീഷ്യ ജെയിംസും അതിനു മുൻപു മൻഹാട്ടൻ ഡിസ്‌ട്രിക്‌ട് അറ്റോണി ആയിരുന്ന സൈറസ് വാൻസും ഊർജിതമായ അന്വേഷണം നടത്തിയിട്ടുള്ള ട്രംപിന്റെ നികുതി വെട്ടിപ്പിനു ഇതിലും വലിയ തെളിവു കിട്ടാനില്ല. എന്നാൽ 2019 മുതൽ ആവശ്യപ്പെട്ടു വരുന്ന രേഖകൾ ഡെമോക്രാറ്റ് നേതൃത്വമുള്ള ഹൗസ് കമ്മിറ്റിക്കു ഒടുവിൽ കിട്ടുമെന്നായപ്പോൾ അവർക്കു സഭയിൽ ഭൂരിപക്ഷം ഇല്ലാതായി.
കോൺഗ്രസ് അംഗം ബിൽ പാസ്‌ക്രൽ പറഞ്ഞു: "ട്രംപിന്റെ അഭിഭാഷകർ ഈ വിഷയം 1,329 ദിവസം വലിച്ചിഴയ്ക്കുന്നതിൽ വിജയിച്ചു. അമേരിക്കൻ ആഭ്യന്തര യുദ്ധത്തോളം നീട്ടി." രേഖകൾ ഇപ്പോൾ ഡെമോക്രാറ്റുകൾക്കു കിട്ടിക്കാണും. പക്ഷെ പാർട്ടിക്കു തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കുന്ന രീതിയില്ല. മാത്രമല്ല, ട്രംപിനു വിനയാകാവുന്ന രേഖകൾ പുറത്തു വിട്ടാൽ ഹൗസിൽ ഭൂരിപക്ഷമുള്ള ജി ഓ പി തിരിച്ചടിക്കുമെന്ന ആശങ്കയും അവർക്കുണ്ട്.
രണ്ടു പതിറ്റാണ്ടോളം ട്രംപ് ശരിയായ നികുതി കൊടുത്തിട്ടില്ലെന്നാണ് 'ന്യു യോർക്ക് ടൈംസി'ന്റെ വിലയിരുത്തൽ. വാൻസും ജെയിംസും പറയുന്നത് ട്രംപും കുടുംബവും സുസംഘടിതമായി നികുതി വെട്ടിപ്പു നടത്തി എന്നാണ്. അതെല്ലാം രാഷ്ട്രീയ വേട്ടയാണെന്നു ട്രംപ് പറയുന്നു.
ആ ആരോപണം അദ്ദേഹം തുടർന്നും ഉയർത്തിപ്പിടിക്കും. അതു വ്യാജ വാദമാണെന്നു തെളിയിക്കാൻ ഡെമോക്രാറ്റുകളെ ഇപ്പോൾ ലഭ്യമാവുന്ന രേഖകൾ സഹായിച്ചേക്കാം. അതു പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ ഇനിയൊരു അവസരം അവർക്കു കിട്ടില്ല.