ന്യൂയോർക്ക് : ഐഡഹോ യൂണിവേഴ്സിറ്റിയിലെ കൊല ചെയ്യപ്പെട്ട നാലു വിദ്യാർഥികളിൽ ഒരാൾ മാത്രമായിരുന്നു കൊലയാളിയുടെ ലക്ഷ്യമെന്നു പൊലീസ് സംശയിക്കുന്നു. വാഴ്‌സിറ്റിക്കടുത്തു വിദ്യാർഥികൾ താമസിച്ചിരുന്ന വാടകവീട്ടിൽ കൊലപാതകങ്ങൾ നടന്നു രണ്ടാഴ്ച കഴിഞ്ഞിട്ടും പക്ഷെ മോസ്കൊ പൊലിസിനു കൊലയാളിയിലേക്കു നയിക്കുന്ന സൂചനകൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല.
കൊല്ലപ്പെട്ട കയ്‌ലി ഗോൺസാൽവസിന്റെ പിതാവ് സ്റ്റീവ് ഗോൺസാൽവസാണു പൊലീസിന്റെ പുതിയ നിഗമനത്തെ കുറിച്ചു പറയുന്നത്. കയ്‌ലിക്കു പുറമെ മാഡിസൺ മോഗെൻ, സന കെർനോഡ്ൽ, എതാൻ ചാപ്പിൻ എന്നിവരുമാണ് കൊലക്കത്തിക്ക് ഇരയായത്. അതിൽ ആരെയാണ് ലക്ഷ്യമിട്ടതെന്നു വ്യക്തമല്ല. ഒന്നിലധികം കൊലയാളികൾ ഉണ്ടായിരുന്നോ എന്നും പൊലീസിന് ഇപ്പോഴും അറിയില്ല.
കയ്‌ലിയുടെ മുൻ കാമുകൻ ജാക്കിനെ പൊലീസ് ഒഴിവാക്കി. സംശയകരമായ ബന്ധം തോന്നിയ മറ്റു രണ്ടു-മൂന്നു പേരെയും. കെട്ടിടത്തിൽ താമസിച്ചിരുന്ന രണ്ടു വിദ്യാഥിനികൾ രണ്ടാം നിലയിൽ കൊല നടക്കുമ്പോൾ മൂന്നാം നിലയിൽ ഗാഢ നിദ്രയിലായിരുന്നു. അവരെ -- ബെഥനി ഫുങ്ക്, ഡൈലൻ മോർട്ടൺസെൻ -- സംശയമില്ലെന്നും പൊലീസ് ക്യാപ്റ്റൻ റോജർ ലീനിയർ പറയുന്നു.
കൊലയാളിയെ പിടിക്കാൻ പൊലീസിനു കഴിയാത്തതിനാൽ നഗരത്തിൽ ഭീതി വളർന്നിട്ടുണ്ട്. ഉയർന്ന സുരക്ഷയുള്ള പൂട്ടുകൾ, തോക്കുകൾ തുടങ്ങിയവയ്‌ക്കൊക്കെ വില്പന കൂടി.