റിയോ ഡി ഷാനിറോ: ബ്രസീലിലെ സ്കൂളുകളിലുണ്ടായ വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം നാലായി. പരിക്കേറ്റ അധ്യാപികയാണ് ഏറ്റവും ഒടുവില്‍ മരണത്തിന് കീഴടങ്ങിയത്. എസ്പിരിറ്റോ സാന്റോ സംസ്ഥാനത്തെ അരാക്രൂസില്‍ സര്‍ക്കാര്‍ സ്കൂളിലും സമീപത്തെ സ്വകാര്യ സ്കൂളിലുമായിരുന്നു ആക്രമണം.
ഇതുമായി ബന്ധപ്പെട്ട് പതിനാറുകാരനായ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാസി ചിഹ്നങ്ങള്‍ ധരിച്ചാണ് ഇയാള്‍ താന്‍ പൂര്‍വവിദ്യാര്‍ഥിയായ സര്‍ക്കാര്‍ സ്കൂളിലേക്ക് എത്തുന്നത്. അവിടെ അധ്യാപകരുടെ നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു. രണ്ടു പേര്‍ തല്‍ക്ഷണം മരിച്ചു. ബുള്ളറ്റ് പ്രൂഫ് വസ്ത്രവും മുഖംമൂടിയും ധരിച്ച അക്രമി സെമി ഓട്ടോമാറ്റിക് കൈത്തോക്ക് ഉപയോഗിക്കുന്നത് സുരക്ഷാ കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
വിദ്യാര്‍ഥി അടക്കം കൊല്ലപ്പെട്ട ആക്രമണത്തില്‍ 11 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ മൂന്ന് അധ്യാപകരുടെയും ഒരു വിദ്യാര്‍ത്ഥിയുടെയും നില ഗുരുതരമായി തുടരുകയാണ്.