അര്‍ജന്റീനയെ മെസി കാത്തു

author-image
athira kk
New Update

ദോഹ: ലോകകപ്പില്‍ ജീവന്‍ നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്ന അര്‍ജന്റീനയുടെ രക്ഷകനായി സാക്ഷാല്‍ ലയണല്‍ മെസി അവതരിച്ചു. മെക്സിക്കോയെ എതിരില്ലാത്ത രണ്ടു ഗോളിനു മുന്‍ ചാംപ്യന്‍മാര്‍ തകര്‍ത്തപ്പോള്‍ ആദ്യ ഗോള്‍ നേടിയത് മെസിയുടെ വിഖ്യാതമായ ആ ഇടങ്കാല്‍ തന്നെ.
publive-image
ആദ്യ പകുതിയില്‍ ആരാധകരെ നിരാശപ്പെടുത്തിയ അര്‍ജന്റീന രണ്ടാം പകുതിയിലാണ് കളിയുടെ താളം കണ്്ടെത്തിയത്. 64ാം മിനിറ്റില്‍ മെസ്സിയുടെ ഗോളും പിറന്നു.

Advertisment

വലതുവിങ്ങില്‍നിന്ന് ഏഞ്ചല്‍ ഡി മരിയ നല്‍കിയ ക്രോസില്‍നിന്നാണ് ഗോളിനു വഴി തെളിയുന്നത്. ബോക്സിനു പുറത്തുണ്ടായിരുന്ന മെസ്സിയുടെ കാലിലേക്കെത്തിയ പന്ത് ഒരു ടച്ചില്‍ നിയന്ത്രിച്ച് രണ്ടാമത്തെ ടച്ചില്‍ 25 വാര അകലെനിന്ന് നിലംപറ്റെ ഷൂട്ട് ചെയ്യുമ്പോള്‍ മെസിക്കും മെക്സിക്കന്‍ ഗോള്‍ വലയ്ക്കും മുന്നില്‍ മൂന്നു ഡിഫന്‍ഡര്‍മാരും ഗോളിയുമുണ്ട്. എന്നാല്‍, ഒരാള്‍ക്കും ഒരു തരി അവസരം പോലും നല്‍കാതെ ആ ഷോട്ട് ഗോള്‍വലയുടെ വലതുമൂലയില്‍ ചെന്നു പതിച്ചു. മെക്സിക്കോയുടെ വിഖ്യാത ഗോളി ഗ്വില്ലെര്‍മോ ഒച്ചാവയ്ക്കു പോലും രക്ഷപെടുത്താന്‍ സാധ്യത നല്‍കാത്ത ക്ളിനിക്കല്‍ ഫിനിഷ്.

കോര്‍ണറില്‍നിന്നു തുടങ്ങിയ ആസൂത്രണത്തില്‍ നിന്ന് രണ്ടാമത്തെ ഗോളും പിറന്നു. ബോക്സിലേക്ക് നല്‍കാതെ മെസിക്കു കൊടുത്ത പന്ത് അവിടെനിന്ന് എന്‍സോ ഫെര്‍ണാണ്ടസിലേക്ക്. പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് വലങ്കാല്‍ കൊണ്ടുള്ള ബെന്‍ഡിങ് ഷോട്ട് ഗോളിയെയും മറികടന്ന് വല കുലുക്കിയപ്പോള്‍ ഒച്ചോവ ഒരിക്കല്‍ക്കൂടി നിസ്സഹയാനായി. എണ്‍പത്തേഴാം മിനിറ്റില്‍ പകരക്കാരനായി കളത്തിലിറങ്ങിയതാണ് രണ്ടാം ഗോളിനുടമയായ ഫെര്‍ണാണ്ടസ്.

Advertisment