ലണ്ടന്‍: വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. കുടിയേറ്റക്കാരുടെ ആധിക്യം കുറയ്ക്കുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണിത്.
നിര്‍ദിഷ്ട നിലവാരം പുലര്‍ത്താത്ത ബിരുദ വിദ്യാര്‍ഥികള്‍ രാജ്യത്തെത്തുന്നതും, തുടര്‍ന്ന് ആശ്രിതരെ കൂടി കൊണ്ടുവരുന്നതും അനുവദിക്കാനാവില്ലെന്ന നിലപാടാണ് ഋഷി സുനാക് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലെ കുടിയേറ്റക്കാരുടെ എണ്ണം അഞ്ച് ലക്ഷത്തിലേറെ വര്‍ധിച്ചിരുന്നു. 2021ല്‍ നെറ്റ് മൈഗ്രേഷന്‍ 1,73,000 ആയിരുന്നെങ്കില്‍ ഈ വര്‍ഷം 5,04,000 ആയി. പുതിയതായി വന്നവരിലേറെയും ഇന്ത്യന്‍ വിദ്യാര്‍ഥികളാണ്. ആദ്യമായാണ് ബ്രിട്ടനിലെ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ ചൈനക്കാരെ മറികടക്കുന്നത്.
ബ്രിട്ടനിലെ സര്‍വകലാശാലകള്‍ വിദേശ വിദ്യാര്‍ഥികളില്‍നിന്ന് കനത്ത ഫീസ് ഈടാക്കുന്നതില്‍ ഇവരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് സര്‍വകലാശാലകളുടെ വരുമാനത്തെയും ബാധിക്കും. ബ്രിട്ടീഷ് വിദ്യാര്‍ഥികളെ നിരാര ഫീസില്‍ പഠിപ്പിക്കാന്‍ സാധിക്കുന്നത് വിദേശ വിദ്യാര്‍ഥികളില്‍ നിന്ന് ഉയര്‍ന്ന ട്യൂഷന്‍ ഫീസ് വാങ്ങുന്നതുകൊണ്ടാണ്.
അതിനിടെ കുടിയേറ്റക്കാരുടെ സ്ഥിതിവിവരക്കണക്കെടുക്കുമ്പോള്‍ അതില്‍ വിദ്യാര്‍ഥികളെ പരിഗണിക്കരുതെന്ന ആവശ്യം ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സംഘടനയായ നാഷനല്‍ ഇന്ത്യന്‍ സ്ററുഡന്റ്സ് ആന്‍ഡ് അലുമ്നി യൂണിയന്‍ ആവര്‍ത്തിച്ചിട്ടുണ്ട്. പഠന ആവശ്യത്തിനു താത്കാലികമായി മാത്രം രാജ്യത്തെത്തുന്ന വിദേശ വിദ്യാര്‍ഥികളെ കുടിയേറ്റക്കാരായി കാണാനാവില്ലെന്നാണ് ഇവരുടെ വാദം. തെരേസ മേ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന കാലം മുതല്‍ ഉയരുന്ന ആവശ്യമാണിത്.