ഡബ്ലിന്‍ : ഭവനരഹിതര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട റെയ്സ് ദ റൂഫ് ഹൗസിങ് ക്യാമ്പയിന്‍ ഗ്രൂപ്പ് സംഘടിപ്പിച്ച റാലി ഡബ്ലിനെ ജനകീയ പ്രതിഷേധത്തിന്റെ സാഗരമാക്കി.പാര്‍പ്പിട പ്രതിസന്ധിയില്‍ സര്‍ക്കാര്‍ നടപടി ആവശ്യപ്പെട്ട് നടത്തിയ റാലിയില്‍ പതിനായിരങ്ങളാണ് അണിചേര്‍ന്നത്.
രാജ്യത്ത് ഭവനരഹിതരുടെ എണ്ണം റെക്കോഡിലെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധവും തെരുവിലെത്തിയത്.കഴിഞ്ഞ മാസം 11,000ത്തിലധികം പേരാണ് എമര്‍ജന്‍സി അക്കൊമൊഡേഷന്‍ തേടിയത്.3,480 കുട്ടികള്‍ ഉള്‍പ്പെടെ 7,917 മുതിര്‍ന്നവരും 1,601 കുടുംബങ്ങളുമാണ് കഴിഞ്ഞ മാസം എമര്‍ജെന്‍സി അക്കൊമൊഡേഷനിലെത്തിയത്.
ട്രേഡ് യൂണിയനുകള്‍, ഹൗസിംഗ് ആന്‍ഡ് ഹോംലെസ് ഏജന്‍സികള്‍, വനിതാ ഗ്രൂപ്പുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, എല്‍ഡേഴ്സ് ഗ്രൂപ്പിന്റെ പ്രതിനിധികള്‍, കുട്ടികള്‍, കമ്മ്യൂണിറ്റി സംഘടനകള്‍, വിദ്യാര്‍ഥി യൂണിയനുകള്‍, ട്രാവലര്‍ ഗ്രൂപ്പുകള്‍, അക്കാദമിക് വിദഗ്ധര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറയില്‍ നിന്നുള്ളവര്‍ റാലിയുടെ ഭാഗമായി.
പാര്‍നെല്‍ സ്‌ക്വയറില്‍ നിന്നാരംഭിച്ച റാലി ഗവണ്‍മെന്റ് ബില്‍ിംഗിന് സമീപമുള്ള മെറിയോണ്‍ സ്‌ക്വയറില്‍ സമാപിച്ചു.വിവിധ യൂണിയന്‍ നേതാക്കളും കാമ്പെയിന്‍ ഗ്രൂപ്പ് പ്രതിനിധികളും റാലിയില്‍ സംസാരിച്ചു.
കുടുംബങ്ങള്‍ക്ക് മാന്യമായ ജീവിതം ഉറപ്പു നല്‍കുന്നതിന് അഫോര്‍ഡബിള്‍ വീടുകളുണ്ടാകണമെന്ന് റാലി സര്‍ക്കാരിനോടാവശ്യപ്പെട്ടു. താങ്ങാനാകുന്ന വാടകയില്‍ വീടുകള്‍ ലഭിക്കണം. കൂടാതെ കുടിയൊഴിപ്പിക്കുന്നതില്‍ നിന്നും സംരക്ഷണവും പാട്ടക്കാര്‍ക്ക് സുരക്ഷയും നിലവാരമുള്ള പബ്ലിക് ഹൗസിംഗുമെല്ലാം അടങ്ങിയ പുതിയ ഹൗസിംഗ് പദ്ധതിയുണ്ടാകണമെന്നും റാലി ആവശ്യപ്പെട്ടു.
ജനങ്ങള്‍ പാര്‍പ്പിട അടിയന്തരാവസ്ഥയിലെന്ന് സിന്‍ ഫെയ്ന്‍
ജനങ്ങള്‍ പാര്‍പ്പിട അടിയന്തരാവസ്ഥയിലാണ് ജീവിക്കുന്നതെന്ന സന്ദേശമാണ് ഈ റാലി സര്‍ക്കാരിനു നല്‍കുന്നതെന്ന് പാര്‍ട്ടി അംഗങ്ങള്‍ക്കൊപ്പം റാലിയില്‍ പങ്കെടുത്ത സിന്‍ ഫെയ്ന്‍ നേതാവ് മേരി ലൂ മക്ഡൊണാള്‍ഡ് പറഞ്ഞു.ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്ന് അവര്‍ ആരോപിച്ചു.പ്രഷര്‍ സോണുകളിലെ വാടക വര്‍ധനയുടെ നിയന്ത്രണം പ്രാവര്‍ത്തികമാകുന്നില്ലെന്ന് സിന്‍ ഫെയിന്‍ ടിഡി മാര്‍ട്ടിന്‍ കെന്നി പറഞ്ഞു.
ആരോഗ്യമേഖലയില്‍ റിക്രൂട്ട്മെന്റ് നടക്കുന്നില്ല
ഭവനപ്രതിസന്ധി മൂലം രാജ്യത്തിന്റെ ആരോഗ്യ മേഖലയില്‍ പോലും റിക്രൂട്ട്മെന്റ് നടക്കുന്നില്ലെന്ന് ഐ എന്‍ എം ഒയിലെ ഫില്‍ നി ഷീഗ്ദ പറഞ്ഞു.ഡബ്ലിന്‍, കോര്‍ക്ക്, ഗാല്‍വേ, ലിമെറിക്ക്, മിഡ്‌ലാന്‍ഡ്സ് എന്നിവിടങ്ങളിലെല്ലാം താമസ സൗകര്യമില്ലാത്തതിനാല്‍ ജീവനക്കാരെ നഷ്ടപ്പെടുകയാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ പ്രാധാന്യം മനസ്സിലാക്കി. ഒട്ടമിക്ക രാജ്യങ്ങളിലും തൊഴിലുടമകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സബ്സിഡി നിരക്കില്‍ താമസസൗകര്യം ലഭ്യമാക്കുന്നു.എന്നാല്‍ ഇവിടെ അതുണ്ടാകുന്നില്ല.
യുവാക്കള്‍ നാടുവിടുന്നു
വീടുകളില്ലാത്തതിന്റെ പേരില്‍ ആയിരക്കണക്കിന് യുവാക്കള്‍ രാജ്യം വിടുന്നുണ്ടെന്ന് ഐറിഷ് നാഷണല്‍ ടീച്ചേഴ്സ് ഓര്‍ഗനൈസേഷനിലെ ജോണ്‍ ബോയില്‍ പറഞ്ഞു. പ്രൈമറിയിലും പോസ്റ്റ് പ്രൈമറിയിലും ആയിരക്കണക്കിന് ജോലികള്‍ നികത്താനുണ്ട്. ഭവനപ്രതിസന്ധി വിദ്യാഭ്യാസ രംഗത്തെയും ബാധിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവിടെ താമസിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും സുരക്ഷിതവും അഫോര്‍ഡബിളുമായ വീടുകള്‍ ആവശ്യമാണെന്ന് ഐ സി ടി യു കാമ്പെയ്ന്‍സ് ഓഫീസര്‍ മക്ദാര ഡോയല്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഭവന പദ്ധതി ഫലപ്രദമല്ലെന്ന് വ്യക്തമാക്കുന്നതാണ് പെരുകുന്ന ഭവനരഹിതരെന്ന് എസ്‌ഐ പി ടി യു വിലെ ബ്രണ്ടന്‍ കാര്‍ പറഞ്ഞു. സര്‍ക്കാര്‍ ഭൂമിയില്‍ പബ്ലിക് വീടുകള്‍ പണിയണമെന്ന് അദ്ദേഹം പറഞ്ഞു.
പബ്ലിക് ആന്റ് അഫോര്‍ഡബിള്‍ വീടുകള്‍ സാര്‍വ്വത്രികമാക്കണം
പബ്ലിക് ആന്റ് അഫോര്‍ഡബിള്‍ വീടുകള്‍ സാര്‍വ്വത്രികമായി നിര്‍മ്മിക്കണമെന്നും വാടകക്കാരെ ഒഴിപ്പിക്കുന്നത് അനുവദിക്കരുതെന്നും പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് നേതാവ് റിച്ചാര്‍ഡ് ബോയ്ഡ്-ബാരറ്റ് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.ജനങ്ങള്‍ക്ക് പാര്‍പ്പിടം നല്‍കുന്ന നയമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വീടുകള്‍ വാങ്ങാനോ വാടകയ്‌ക്കെടുക്കാനോ കഴിയാത്തതിനാല്‍ 30-40വയസ്സ് പ്രായമുള്ള ആളുകള്‍ പോലും മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നതെന്ന് പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ടി ഡി ബ്രിഡ് സ്മിത്ത് പറഞ്ഞു.
എസ് എന്‍ എയുടെ എലീന്‍ കുറന്‍സ് ,ബ്ലാഞ്ചാര്‍ഡ്‌സ്ടൗണിലെ അധ്യാപിക കേറ്റ് റല്ലഹാന്‍, മീത്തില്‍ നിന്ന് വിരമിച്ച മെറിന്‍ ഷീല്‍സ് ഫാനിംഗ്,ിപ്പററിയിലെ യു സി ഡി വിദ്യാര്‍ഥി ഐസ്ലിംഗ് തുടങ്ങി ഒട്ടേറെപ്പേര്‍ വീടുകളില്ലാത്തതിന്റെ ദുരിതങ്ങള്‍ റാലിയില്‍ വിവരിച്ചു.
സര്‍ക്കാര്‍ പ്രതിനിധികള്‍
സമാധാനപരമായ പ്രതിഷേധം നടപടിയുണ്ടാക്കുമെന്ന് ഗ്രീന്‍ പാര്‍ട്ടി ടി ഡി സ്റ്റീവന്‍ മാത്യൂസ് പറഞ്ഞു.സര്‍ക്കാരിന്റെ ഭവനപദ്ധതികളെ ടി ഡി ന്യായീകരിച്ചു. ഈ കണക്കുകള്‍ ആശങ്കാജനകമാണെന്നും സോഷ്യല്‍ ഹൗസിംഗ് നടപടികള്‍ ഇരട്ടിയാക്കേണ്ടതുണ്ടെന്നും ഹൗസിംഗ് മന്ത്രി ഡാരാ ഒ ബ്രിയന്‍ പറഞ്ഞു.