ട്രംപിനോടൊപ്പം വിരുന്നു കഴിച്ചെന്നു വർണ വെറിയുടെ നേതാവ് ഫ്യൂവന്റസ്‌ സ്ഥിരീകരിച്ചു 

author-image
athira kk
New Update

ന്യൂയോർക്ക് : അഡോൾഫ് ഹിറ്റ്ലർ 60 ലക്ഷം യഹൂദരെ ഉന്മൂലനം ചെയ്തുവെന്നതു കെട്ടുകഥയാണെന്ന് അവകാശപ്പെടുന്ന വർണ വെറിയൻമാരുടെ നേതാവ് നിക്ക് ഫ്യൂവന്റസ്‌ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സന്ദർശിച്ചതിനെതിരെ വ്യാപകമായ വിമർശനം ഉയർന്നു. ഫ്ളോറിഡയിലെ മാർ-ആ-ലഗോ വസതിയിൽ ഫ്യൂവന്റസ്‌ വിരുന്നു കഴിച്ചെന്ന വാർത്ത  സ്ഥിരീകരിക്കാൻ ട്രംപും സഹായികളും മടിക്കുമ്പോൾ വെള്ളിയാഴ്ച ഫ്യൂവന്റസ്‌ തന്നെ സന്ദർശന വിവരങ്ങൾ പുറത്തു വിട്ടു.
publive-image

Advertisment

"താങ്കൾ എന്റെ ഹീറോയാണ്. അമേരിക്കയിൽ ജീവിച്ചിരുന്നവരിൽ ഏറ്റവും വലിയ മഹാന്മാരിൽ ഒരാൾ"
എന്നു താൻ ട്രംപിനോടു പറഞ്ഞെന്നു ഫ്യൂവന്റസ്‌ (24) വെളിപ്പെടുത്തുന്നു. ഗായകനും യഹൂദ വിദ്വേഷിയുമായ കാകാന്യെ വെസ്റ്റിനൊപ്പമാണ് താൻ മാർ-ആ-ലഗോയിൽ പോയതെന്നും അദ്ദേഹം പറയുന്നു.

ട്രംപ് പറയുന്നത് ഫ്യൂവന്റസ്‌ ആരാണെന്നു തനിക്കു അറിയില്ലായിരുന്നു എന്നാണ്. "ഞാനും കാന്യെയും മാത്രമുള്ള വിരുന്നാണ് ഉദ്ദേശിച്ചത്. കാന്യെ പക്ഷെ മറ്റൊരു അതിഥിയെ കൂടി കൊണ്ടുവന്നു. അയാളെ എനിക്കു തീരെ അറിയില്ലായിരുന്നു."

ചൊവാഴ്ച രാത്രി നടന്ന കൂടിക്കാഴ്ചയുടെ രണ്ടു മണിക്കൂർ നീണ്ട വീഡിയോ ഫ്യൂവന്റസ്‌ സാമൂഹ്യ മാധ്യമങ്ങളിൽ കയറ്റി. സന്ദർശനം ട്രംപിനു 'കുറച്ചൊരു വിവാദം' ആയതിൽ തനിക്കു വിഷമമുണ്ടെന്നും
അയാൾ പറയുന്നു. "അദ്ദേഹത്തിന് എന്നെ അറിയാമായിരുന്നു എന്ന് എനിക്കു തോന്നുന്നില്ല.  'ഞാൻ അങ്ങയെ സ്നേഹിക്കുന്നു'  എന്ന്ഞാൻ അദ്ദേഹത്തോടു പറഞ്ഞു. അങ്ങ് എന്റെ വീരനായകനാണ്."

നവംബർ 15 നു 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചപ്പോൾ അതിൽ തീയും പുകയുമൊന്നും ഉണ്ടായിരുന്നില്ല എന്നാണ് ഫ്യൂവന്റസ്‌ അദ്ദേഹത്തോട് പറഞ്ഞത്. വളരെ മിതമായ ഭാഷയിലാണ് ട്രംപ് സംസാരിച്ചത്. 

അറുപതു ലക്ഷം യഹൂദരെ ഹിറ്റ്ലർ കൊന്നൊടുക്കി എന്നത് കെട്ടുകഥയാണെന്നു പറയുന്ന വീഡിയോ 2019
ലാണ് ഫ്യൂവന്റസ്‌ പുറത്തിറക്കിയത്. വലതു പക്ഷ തീവ്രവാദികളുടെ പുതിയൊരു നേതാവായി  ഫ്ളോറിഡ  ഗവർണർ റോൺ ഡിസാന്റിസിനെ അംഗീകരിക്കാൻ തയാറില്ലെന്നു ഫ്യൂവന്റസ്‌ സൂചിപ്പിച്ചു.  

അമേരിക്കയിൽ വേണ്ട 

സന്ദർശനത്തെ വൈറ്റ് ഹൗസ് രൂക്ഷമായി വിമർശിച്ചു. "വംശവെറി, വിദ്വേഷം, യഹൂദ വിദ്വേഷം ഇവയ്‌ക്കൊക്കെ അമേരിക്കയിൽ യാതൊരു സ്‌ഥാനവുമില്ല, മാർ-ആ-ലഗോയിൽ ആയാലും," വക്താവ് ആൻഡ്രൂ ബേറ്റ്സ് പറഞ്ഞു. "യഹൂദ ഉന്മൂലനം നിഷേധിക്കുന്നത് അരോചകമാണ്. അപകടകരവുമാണ്. അതിനെ ശക്തമായി അപലപിക്കേണ്ടിയിരിക്കുന്നു."

മാസച്യുസെറ്സിലെ നാൻറ്റക്കെറ്റ് ദ്വീപിൽ ഒഴിവു കാലം ചെലവഴിക്കുന്ന പ്രസിഡന്റ് ജോ ബൈഡൻ മാധ്യമങ്ങളോട് പറഞ്ഞു: "എനിക്കു പറയാനുള്ളതു കേൾക്കാൻ നിങ്ങൾക്കു ഇഷ്ടമുണ്ടാവില്ല."
ഡെമോക്രാറ്റിക് നാഷനൽ കമ്മിറ്റി വക്താവ് അമ്മാർ മൂസ പറഞ്ഞു: "മറ്റേതെങ്കിലും പാർട്ടിയിൽ ആണെങ്കിൽ നിക്ക് ഫ്യൂവന്റസിനൊപ്പം ഭക്ഷണം കഴിക്കുന്നത് ഉടൻ അയോഗ്യത ആവുമായിരുന്നു. മാഗാ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഇപ്പോൾ ഏറ്റവും തീവ്രമായ അഭിപ്രായങ്ങൾക്കാണ് സ്ഥാനം." 

Advertisment