ഡബ്ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെയും അയര്‍ലണ്ടിന്റെ ‘വരും’ പ്രധാനമന്ത്രി ലിയോ വരദ്കറുടെയും ഇന്ത്യന്‍ ബന്ധം ഇരു രാജ്യങ്ങളുടെയും ബന്ധങ്ങളെ കൂടുതല്‍ ഊഷ്മളമാക്കുമെന്ന് പ്രതീക്ഷ.അതിലൂടെ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഭരണസ്തംഭനം അടക്കമുള്ള പ്രശ്നങ്ങളില്‍ പരിഹാരമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് നിയുക്ത പ്രധാനമന്ത്രി ലിയോ വരദ്കറും.
/sathyam/media/post_attachments/Abx5aklUPRNsz5cCZaGQ.jpg)
ബ്രിട്ടനുമായുള്ളത് അയര്‍ലണ്ടിനുള്ള ശക്തമായ സാമ്പത്തിക വ്യാപാര ബന്ധങ്ങളാണ്. ബ്രക്സിറ്റിന്റെ പശ്ചാത്തലത്തില്‍ അതില്‍ ചില അകല്‍ച്ചയുണ്ടായിട്ടുണ്ട്.എന്നാല്‍ അതിനേക്കാള്‍ പ്രധാനമാണ് നോര്‍ത്തേണ്‍ അയര്‍ലണ്ട് പ്രശ്നങ്ങള്‍.അവിടെ സര്‍ക്കാര്‍ സംവിധാനമില്ല. അടുത്ത വര്‍ഷം, ഗുഡ് ഫ്രൈഡേ കരാറിന്റെ 25ാം വാര്‍ഷികമാണ്.അപ്പോഴെങ്കിലും അസംബ്ലി വീണ്ടും പുനരാരംഭിക്കാനാവുമോയെന്നതും അയര്‍ലണ്ടിന്റെ ആശങ്കയാണ്. ബ്രിട്ടീഷ് ഐറിഷ് ഗവണ്‍മെന്റുകള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ അവിടുത്തെ പാര്‍ട്ടികളെ പ്രേരിപ്പിക്കാന്‍ കഴിയുമെന്നാണ് വരദ്കര്‍ കരുതുന്നത്. ഈ അഭിപ്രായങ്ങള്‍ക്ക് ബ്രിട്ടണില്‍ നല്ല സ്വീകാര്യത ലഭിച്ചേക്കാമെങ്കിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അതിനെ എത്രകണ്ട് സ്വാഗതം ചെയ്യുമെന്നാണ് ഇനിയറിയേണ്ടത്.
ഋഷി സുനകിന്റെ ഇന്ത്യന്‍ ബന്ധം തനിക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയില്‍ ലിയോ വരദ്കര്‍
ഇരു നേതാക്കളുടെയും ജീവിതത്തിലെ ഇന്ത്യന്‍ സമാനതകള്‍ നല്ല ബന്ധം പുനസ്ഥാപിക്കാന്‍ സഹായിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് ലിയോ വരദ്കര്‍ സ്വകാര്യ അഭിമുഖത്തില്‍ പറഞ്ഞു.പ്രധാനമന്ത്രി ഋഷി സുനക്കിനെ ഒരിക്കലും നേരിട്ടു കണ്ടിട്ടില്ല. വ്യക്തി ബന്ധവുമില്ല. എന്നിരുന്നാലും ഞങ്ങള്‍ രണ്ടാളും ഇന്ത്യന്‍ പശ്ചാത്തലമുള്ളവരാണ്.രണ്ട് പേരുടെയും അച്ഛന്മാര്‍ ജിപിമാരായിരുന്നു- വരദ്കര്‍ പറഞ്ഞു.
‘എന്റെ പിതാവ്, അശോക് വരദ്കര്‍ ഇന്ത്യക്കാരനാണ്.വാട്ടര്‍ഫോര്‍ഡിലെ ഡംഗര്‍വനില്‍ നിന്നുള്ള നഴ്സ് മിറിയത്തെയാണ് വിവാഹം ചെയ്തത്. വെസ്റ്റ് ഡബ്ലിനിലെ ജിപിയായിരുന്നു.സാമ്യമുള്ളതുപോലെ ഒരുപാട് വ്യത്യാസങ്ങളുമുണ്ട്’്.കോടീശ്വരനല്ല താനെന്നതാണ് അതിനുദാഹരണമെന്ന് വരദ്കര്‍ തമാശ രൂപേണ പറഞ്ഞു.
സുനകിനെ കാണാന്‍ കാത്തിരിക്കുന്നു
സുനകിനെ കാണാന്‍ കാത്തിരിക്കുകയാണ്.ഗൗരവക്കാരനായ രാഷ്ട്രീയക്കാരനാണ് ഋഷിയെന്നാണ് കരുതുന്നത്. അദ്ദേഹത്തിന്റെ സാമ്പത്തിക നയം ശരിയാണെന്ന് കരുതുന്നതെന്നും വരദ്കര്‍ പറഞ്ഞു.ബ്രക്‌സിറ്റിന്റെ പിന്തുണക്കാരനാണെന്നറിയാം.എന്നാല്‍ അദ്ദേഹം തെരേസ മേയ്ക്കും വോട്ട് ചെയ്തു.പ്രായോഗിക രാഷ്ട്രീയക്കാരന്‍ കൂടിയാണ് സുനകെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും വരദ്കര്‍ പറഞ്ഞു.
ബ്രിട്ടീഷ്-ഐറിഷ് ബന്ധവും നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ കാര്യവുള്‍പ്പടെ നിരവധി വെല്ലുവിളികളാണ് വരദ്കര്‍ക്ക് ഭാവിയില്‍ നേരിടാനുള്ളത്.അതിനാല്‍ ലണ്ടനിലെയും ഡബ്ലിനിലെയും സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം വളരെ നിര്‍ണ്ണായകമാണ്.