ഹ്യൂസ്റ്റൺ : കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും മറ്റും തിളപ്പിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന നിർദേശത്തിനു പിന്നാലെ ടെക്സസിൽ ഹ്യുസ്റ്റൺ നഗരം സ്കൂളുകൾ അടച്ചിട്ടു. പ്രധാന ജലവിതരണ ശൃംഖലയിൽ സമ്മർദം കുറഞ്ഞതിനെ തുടർന്നാണ് വാരാന്തത്തിൽ പ്രതിസന്ധി ഉണ്ടായത്.
തിങ്കളാഴ്ച ഒരു സ്കൂളിലും ക്‌ളാസുകൾ ഉണ്ടാവില്ല.
ഈസ്റ്റ് വാട്ടർ പ്യൂരിഫിക്കേഷൻ പ്ലാന്റിൽ വൈദ്യുതി ബന്ധം നഷ്ടമായതിനെ തുടർന്നാണ് പ്രശ്‌നമുണ്ടായത്. ഏതാണ്ട് 22 ലക്ഷം ഉപഭോക്താക്കൾക്കുള്ള ലൈനുകളിൽ പ്രശ്നം പരിഹരിച്ചു. എന്നാൽ അവർക്കും തിളച്ച വെള്ളമേ ഉപയോഗിക്കാവൂ എന്ന ഉത്തരവ് നിലനിൽക്കുന്നു. വെള്ളത്തിൽ അണുക്കൾ കടന്നു കൂടിയിട്ടുണ്ടെങ്കിൽ അവയെ നശിപ്പിക്കും വരെ ഈ നിർദേശം തുടരും.
നിയമം അനുശാസിക്കുന്നതാണ് ഈ ഉത്തരവെന്നു മേയർ സിൽവെസ്റ്റർ ടേണർ പറഞ്ഞു. ഗുണപരിശോധനാ
വകുപ്പിനു ഞായറാഴ്ച രാത്രി ജല സാമ്പിളുകൾ നൽകിയിട്ടുണ്ട്. അതിന്റെ ഫലം വരുന്നതു വരെ കാത്തിരിക്കണം. തിങ്കളാഴ്ച രാത്രിയോ ചൊവാഴ്ച രാവിലെയോ പ്രതീക്ഷിക്കുന്നുവെന്നു മേയർ പറഞ്ഞു.
രണ്ടു ലക്ഷത്തോളം കുട്ടികൾ പഠിക്കുന്ന ഹ്യുസ്റ്റൺ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്‌ട്രിക്‌റ്റിനു പുറമെ
സ്പ്രിംഗ് ബ്രാഞ്ച്, ആൻഡിൻ, സൗത്ത് വെസ്റ്റ് സ്കൂൾസ്, യെസ് പ്രെപ്, വാർനെറ്റ് പബ്ലിക് സ്കൂൾ എന്നിവയും തിങ്കളാഴ്ച്ച അടച്ചു.