മെരിലാൻഡ് : മെരിലാൻഡിൽ വൈദ്യുതി ടവറിൽ 100 ഉയരത്തിൽ കുടുങ്ങിയ കൊച്ചുവിമാനത്തിൽ നിന്നു രണ്ടു പേരെ ഏഴു മണിക്കൂർ നീണ്ട പരിശ്രമത്തിനു ശേഷം രക്ഷപെടുത്തി. വാഷിംഗ്ടണു വടക്കു ഗൈതെഴ്സ്ബെർഗ് നഗരത്തിൽ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ കുടുങ്ങിയ വിമാനത്തിൽ നിന്നു പൈലറ്റിനെയും മറ്റൊരാളെയും പുറത്തെടുത്തത് അർധരാത്രി പിന്നിട്ടു അര മണിക്കൂർ കഴിഞ്ഞാണ്.
ഒറ്റ എൻജിൻ വിമാനം ഗോഷൻ റോഡിനും റോത്സ്‌ബറി ഡ്രൈവിനും ഇടയിൽ ഹൈ ടെൻഷൻ കമ്പികളിലേക്കു വീണത് മോണ്ട്ഗോമറി കൗണ്ടി എയർപാർക്കിലേക്കു ഇറങ്ങുമ്പോഴാണ്. വൈറ്റ് പ്ലെയ്ൻസിലെ വെസ്റ്ചെറ്സർ കൗണ്ടി എയർപോർട്ടിൽ നിന്നു വരികയായിരുന്നു മൂണി എം 20 ജെ വിമാനം.
രക്ഷപ്പെട്ടെങ്കിലും ഇരുവർക്കും കടുത്ത ശൈത്യം മൂലമുള്ള പ്രശ്നങ്ങളുണ്ട്. അപകടത്തിന്റെ ആഘാതത്തിൽ ഏറ്റ മുറിവുകളും. അപകടമുണ്ടായ മേഖലയിൽ 90,000 വീടുകളിൽ വൈദുതി നഷ്ടമായി. വിമാനത്തിൽ ഉള്ളവർക്കു ഷോക്ക് ഏൽക്കാതെ രക്ഷിക്കുന്നതായിരുന്നു വെല്ലുവിളിയെന്നു രക്ഷാപ്രവർത്തകർ പറഞ്ഞു. മോണ്ട്ഗോമറി കൗണ്ടിയെ മുൾമുനയിൽ നിർത്തിയ രക്ഷാദൗത്യമായിരുന്നു അത്.
രാത്രി 11.30 ആയപ്പോഴേക്കാണ് വൈദ്യുതി ലൈനുകൾ സുരക്ഷിതമാക്കാൻ കഴിഞ്ഞത്. അതോടെ രണ്ടു പേരെയും പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങി. ആദ്യത്തെയാൾ 12.25നും രണ്ടാമൻ 12.36 നുമാണ് പുറത്തു വന്നത്.
വിമാനം തിങ്കളാഴ്ച കാലത്തും ഇറക്കാൻ കഴിഞ്ഞിട്ടില്ല.
ഒന്നരയോടെ വൈദ്യുതി പൂർണമായി പുനഃസ്ഥാപിച്ചെന്നു പെപ്‌കോ അറിയിച്ചു.