ബീജിങ്: ചൈനീസ് സര്‍ക്കാരിനും പ്രസിഡന്റ് ഷി ജിന്‍പിങ്ങിനുമെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. സര്‍ക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ഷാങ്ഹായിയില്‍ ആരംഭിച്ച പ്രതിഷേധം തലസ്ഥാന നഗരമായ ബീജിങ്ങില്‍ ഇപ്പോള്‍ ശക്തി പ്രാപിച്ചിരിക്കുകയാണ്.
നാന്‍ജിങ്, സിംഗ്വാ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികളും പ്രതിഷേധത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഇതെത്തുടര്‍ന്ന് ജനുവരിയില്‍ ആരംഭിക്കേണ്ട വെക്കേഷന്‍ നേരത്തെയാക്കി അധികൃതര്‍ വിദ്യാര്‍ഥികളെ വീടുകളിലേക്കു മടങ്ങാന്‍ നിര്‍ബന്ധിക്കുകയാണ്.
പൂട്ടിയിട്ടാല്‍ പൊട്ടിത്തെറിക്കും എന്ന മുദ്രാവാക്യവുമായി തൊഴിലാളികളും രംഗത്തുണ്ട്. പ്രസിഡന്റ് ഷി ജിന്‍ പിങ് സ്ഥാനമൊഴിയണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു.
ചൈനയിലെ പ്രകടനങ്ങളോട് അനുഭാവം പ്രകടിപ്പിച്ച് ലണ്ടന്‍, പാരിസ്, ടോക്കിയോ തുടങ്ങിയ വിദേശ നഗരങ്ങളിലും പ്രകടനങ്ങള്‍ അരങ്ങേറി. ഷാങ്ഹായ് നഗരത്തില്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ തങ്ങളുടെ റിപ്പോര്‍ട്ടറെ മര്‍ദിക്കുകയും വിലങ്ങണിയിച്ച് മണിക്കൂറുകളോളം തടഞ്ഞുവയ്ക്കുകയും ചെയ്തതായി ബിബിസി പരാതിപ്പെട്ടു. സംഭവത്തില്‍ ബ്രിട്ടിഷ് വിദേശകാര്യമന്ത്രി പ്രതിഷേധിച്ചു.