ദോഹ: ലോകകപ്പില്‍ തുടരെ രണ്ടാം മത്സരവും ജയിച്ച പോര്‍ച്ചുഗല്‍ അവസാന ഗ്രൂപ്പ് മത്സരത്തിനു കാക്കാതെ പ്രീക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പാക്കി. ഉറുഗ്വെയെ എതിരില്ലാത്ത രണ്ടു ഗോളിനു തോല്‍പ്പിച്ചപ്പോള്‍ റഷ്യന്‍ ലോകകപ്പില്‍ ഏറ്റ പരാജയത്തിന് അതു മധുര പ്രതികാരം കൂടിയായി.
ബ്രൂണോ ഫെര്‍ണാണ്ടസാണ് പോര്‍ച്ചുഗലിനായി രണ്ടു ഗോളും നേടിയത്. ആദ്യപകുതി ഗോള്‍ രഹിതമായി പിന്നിട്ടു. 54ാം മിനിറ്റില്‍ ഇടതുവിങ്ങില്‍ നിന്ന് ക്രിസ്ററ്യാനോയെ ലക്ഷ്യമാക്കി ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ ക്രോസ്. ഉയര്‍ന്നുചാടിയ റൊണാള്‍ഡോയെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ പന്ത് നേരേ വലയില്‍ കയറുകയായിരുന്നു. ആദ്യം റൊണാള്‍ഡോയുടെ പേരില്‍ ഗോള്‍ അനുവദിച്ചെങ്കിലും താരത്തിന്‍റെ തലയില്‍ പന്ത് തൊട്ടില്ലെന്ന് വ്യക്തമായതോടെ ഗോള്‍ ബ്രൂണോയുടെ പേരിലായി.
ഇഞ്ചുറി ടൈമിലാണ് രണ്ടാമത്തെ ഗോളിന്റെ പിറവി. ബ്രൂണോയുടെ മുന്നേറ്റം തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ നിലത്തുവീണ ഹോസെ ജിമെനെസിന്‍റെ കൈയില്‍ പന്തു തട്ടിയതിന് വാറിന്റെ സഹായത്തോടെ പെനല്‍റ്റി അനുവദിക്കപ്പെട്ടു. ഈ അവസരം ബ്രൂണോ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.
ഗ്രൂപ്പിലെ അവസാന മത്സരഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഉറുഗ്വെയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം.