ഡബ്ലിന്‍ : ഈസ്റ്റ് വാളിലെ അഭയാര്‍ഥി കേന്ദ്രത്തിനെതിരെ ജനകീയ പ്രതിഷേധം തുടരുന്നു.സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പോര്‍ട് ടണലില്‍ നാട്ടുകാര്‍ വഴിതടഞ്ഞു.100 കുടിയേറ്റക്കാരെ കെട്ടിടത്തില്‍ പാര്‍പ്പിച്ചതോടെയാണ് ഈസ്റ്റ് വാളില്‍ പ്രതിഷേധമുയര്‍ന്നത്.അഭയാര്‍ഥികളെ താമസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളുമായി യാതോരു കൂടിയാലോചനകളുമുണ്ടായില്ലെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി.
തിങ്കളാഴ്ച വൈകിട്ടാണ് പ്രദേശവാസികള്‍ ആല്‍ഫി ബൈര്‍ണ്‍ റോഡിനും ഈസ്റ്റ് റോഡിനുമിടയിലുള്ള ഈസ്റ്റ് വാള്‍ റോഡിന്റെ രണ്ട് കവാടങ്ങളും തടസ്സപ്പെടുത്തിയത്.അഭയാര്‍ഥികള്‍ ഈ പ്രദേശത്തേക്ക് എത്തുന്നത് തടയുന്നതിനാണ് 300ഓളം വരുന്ന പ്രതിഷേധക്കാര്‍ പോര്‍ട്ട് ടണലും അതിനോട് ചേര്‍ന്നുള്ള ഈസ്റ്റ് വാള്‍ റോഡും ഉപരോധിച്ചത്.
നേരത്തേ തന്നെ ഇവിടെ അഭയാര്‍ഥികളെ താമസിപ്പിക്കുന്നതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. അത് അവഗണിച്ച് അഭയാര്‍ഥികള്‍ താമസം തുടങ്ങിയതോടെയാണ് പോര്‍ട്ട് ടണലില്‍ ഗതാഗതം തടഞ്ഞുകൊണ്ട് ജനങ്ങള്‍ തെരുവിലിറങ്ങിയത്.ഒരാഴ്ചയിലേറെയായി ഇവിടെ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തുണ്ട്.
വരും ആഴ്ചകളില്‍ കൂടുതല്‍ അഭയാര്‍ഥികളെ കെട്ടിടത്തിലേക്ക് എത്തിക്കുമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.എന്നാല്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയതായി സൂചനയൊന്നുമില്ല.അഭയാര്‍ഥികള്‍ക്ക് എമര്‍ജന്‍സി താമസ സൗകര്യം എന്ന നിലയില്‍ ഡബ്ലിനിലെ മുന്‍ ഇ എസ് ബി ഓഫീസ് ബ്ലോക്ക് തുറക്കുമെന്ന് ഇന്റഗ്രേഷന്‍ മന്ത്രി റോഡറിക് ഒ ഗോര്‍മാന്‍ പറഞ്ഞു.