ദില്ലി : കൊവിഡ് വാക്‌സിനേഷന്‍ മൂലം ഉണ്ടാകുന്ന മരണങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വാക്‌സിനേഷന്‍ സ്വീകരിച്ച ശേഷം മരണം സംഭവിക്കുകയാണെങ്കില്‍ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് നഷ്ടപരിഹാരം തേടുക മാത്രമാണ് വഴിയെന്നാണ് കേന്ദ്രം അടുത്തിടെ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം വാക്‌സിനേഷന്‍ എടുത്തതിന് പിന്നാലെ മരണപ്പെട്ട രണ്ട് യുവതികളുടെ രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു സര്‍ക്കാര്‍. വാക്‌സിന്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നേടാന്‍ സിവില്‍ കോടതികളെ സമീപിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമത്തില്‍ ഉചിതമായ പരിഹാരങ്ങള്‍ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
"വാക്‌സിന്‍ മൂലം സംഭവിക്കുന്ന അപൂര്‍വമായ മരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാനത്തെ ബാധ്യസ്ഥരാക്കുന്നത് നിയമപരമായി സുസ്ഥിരമാകില്ല.."- ഹര്‍ജിയില്‍ പ്രതികരണം രേഖപ്പെടുത്തി ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം കോടതിയെ അറിയിച്ചു.
"ഒരു വ്യക്തിക്ക് AEFI യില്‍ നിന്ന് ശാരീരിക പരിക്കോ മരണമോ ഉണ്ടായാല്‍, വാക്‌സിന്‍ ഗുണഭോക്താക്കള്‍ക്ക് അവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നേടാന്‍ സിവില്‍ കോടതികളെ സമീപിക്കുന്നത് ഉള്‍പ്പെടെ നിയമത്തില്‍ ഉചിതമായ പരിഹാരങ്ങള്‍ ലഭ്യമാണ്"- മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.