ന്യൂയോർക്ക് : കനറ്റിക്കറ്റ് സംസ്ഥാനത്തു ആഫ്രിക്കൻ അമേരിക്കൻ പൗരനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന വഴി പീഡിപ്പിച്ചു തളർത്തിക്കളഞ്ഞ കേസിൽ അഞ്ചു പൊലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ കുറ്റം ചുമത്തിയതായി പ്രോസിക്യൂഷൻ അറിയിച്ചു.
നിയമവിരുദ്ധമായി കൈത്തോക്ക് കൈവശം വച്ചു എന്ന കുറ്റം ചുമത്തിയാണ് ജൂൺ 19നു റിച്ചാഡ് 'റാന്ഡി' കോക്സിനെ (36) അറസ്റ്റ് ചെയ്തത്. ന്യൂ ഹാവൻ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുമ്പോൾ പൊലീസ് വാനിന്റെ പിൻഭാഗത്തു വച്ച് കോക്സിനെ അതിഭീകരമായി പീഡിപ്പിച്ചതിനാൽ നട്ടെല്ലിനും കഴുത്തിനും ഗുരുതരമായ പരുക്കേറ്റു. ഡ്രൈവറുടെ സീറ്റുമായി വേർതിരിക്കുന്ന ഇരുമ്പു മറയിൽ തലയടിച്ചു. ഡ്രൈവർ പെട്ടെന്നു ബ്രേക്ക് ചെയ്തപ്പോഴാണ് സീറ്റ് ബെൽറ്റ് ഇല്ലാത്ത വാഹനത്തിനുള്ളിൽ കോക്സ് തെറിച്ചു വീണത്.
പൊലീസ് പീഡനം മൂലം യുവാവ് നെഞ്ചിനു കീഴോട്ടു തളർന്നു പോയി. ക്രൂരതയും നിയന്ത്രണം വിട്ട പെരുമാറ്റവും ഓഫീസർമാരുടെ മേൽ ചുമത്തിയിട്ടുണ്ട്. ഡ്രൈവർ അപകടം ഒഴിവാക്കാനാണ് പെട്ടെന്നു ബ്രേക്ക് ചവുട്ടിയതെന്നു പൊലീസ് വാദിച്ചെങ്കിലും പരുക്കു പറ്റിയെന്നു കോക്സ് നടിക്കയാണെന്നു പറഞ്ഞു ഓഫീസർമാർ യുവാവിനെ കളിയാക്കുന്ന ദൃശ്യങ്ങൾ അവരുടെ തന്നെ ബോഡി ക്യാമറയിൽ പതിഞ്ഞു.
മുറിവേറ്റ കോക്സിനെ സ്റേഷനുള്ളിൽ വലിച്ചു കൊണ്ടു പോകുന്നതു കാണാം. പരുക്കുണ്ടെന്നു സ്റ്റേഷനിൽ അറിയിച്ച ശേഷമായിരുന്നു അത്. കോക്സ് നടക്കാൻ വിസമ്മതിച്ചുവെന്നു അവർ ആരോപിച്ചു. "അയാൾക്കൊരു കുഴപ്പവുമില്ല" എന്ന് ഒരു ഓഫീസർ പറയുന്നുണ്ട്.
കുറ്റക്കാരായ ഓഫീസർമാർ കീഴടങ്ങി $25,000 വീതം കെട്ടി വച്ച് ജാമ്യം എടുത്തു. ഓസ്‌കർ ഡയസ് (54), ജോസ്‌ലിൻ ലവണ്ടിയർ (35), റൊണാൾഡ് പ്രെസ്‌ലി (56) ലൂയി റിവേറ (40), സർജന്റ് ബെറ്റ്സി സെഗുയി (40) എന്നിവർ ഡിസംബർ 8 നു കോടതിയിൽ ഹാജരാവണം.
സ്റ്റേറ്റ് പൊലീസ് സെൻട്രൽ ഡിസ്‌ട്രിക്‌ട് മേജർ ക്രൈം യൂണിറ്റാണ് അന്വേഷണം നടത്തിയത്. ന്യൂ ഹാവൻ സിറ്റി മേയർ ജസ്റ്റിൻ എലിക്കർ പറഞ്ഞു: "ഈ ദുരന്തത്തിൽ ഉത്തരവാദികളായ ഒരാളെയും ശിക്ഷക്കാതെ വിടില്ല. റാന്ഡിക്കു സംഭവിച്ചത് അസ്വീകാര്യമായിരുന്നു. അങ്ങിനെ ഒരിക്കൽ കൂടി സംഭവിക്കില്ലെന്ന് നമ്മൾ ഉറപ്പു വരുത്തും."
കോക്സ് സെപ്റ്റംബറിൽ നഗരത്തിനും അഞ്ചു പോലീസുകാർക്കും എതിരെ $100 ദശലക്ഷം ആവശ്യപ്പെട്ടു പരാതി നൽകിയിരുന്നു. അതെ തുടർന്നാണ് അദ്ദേഹത്തിനെതിരായ കുറ്റങ്ങൾ ഒഴിവാക്കിയത്. ഈ സംഭവത്തെ തുടർന്ന്, കസ്റ്റഡിയിൽ എടുക്കുന്നവരെ കൊണ്ട് പോകുന്നതിനുള്ള സൗകര്യങ്ങൾ നഗരത്തിൽ പരിഷ്കരിച്ചു.