തിരുവനന്തപുരം: ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമാണ്. ഈ രോഗം കേട്ടാൽ തന്നെ എല്ലാവരുടെയും ഉള്ളിൽ വരുക ഭയമാണ്. എയ്ഡ്‌സ് രോഗബാധിതരെ സ്പർശിച്ചാലോ കെട്ടിപിടിച്ചാലോ എയ്ഡ്‌സ് പകരുമെന്ന ചിന്തയിൽ അവരിൽ നിന്ന് ഓടി ഒളിക്കുന്നവർ നമുക്കിടയിൽ ഇപ്പോഴുണ്ട്. ഭയമല്ല വേണ്ടത് ജാഗ്രതയാണ്. തെറ്റിദ്ധാരണാജനകമായ പല ചിന്തകളും ഈ അസുഖത്തെക്കുറിച്ച് സമൂഹത്തിൽ നിലവിലുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി കുറച്ച് ശരീരത്തെ ദുർബലപ്പെടുത്തുകയെന്നതാണ് എച്ച്.ഐ.വി. ചെയ്യുന്നത്. ശരീരത്തിന്റെ പ്രതിരോധം ക്രമേണ കുറയുന്ന മുറയ്ക്ക് ക്ഷയം ഉൾപ്പടെ പലതരം അണുബാധകൾ ശരീരത്തിലുണ്ടാവുകയും തുടർന്ന് മരണത്തിലേക്ക് നയിക്കുകയും ചെയ്യും. ഇതാണ് ഈ അസുഖത്തിന്റെ രീതി.
രോഗം ബാധിച്ചയാളുടെ രക്തം സ്വീകരിക്കുക, രോഗം ബാധിച്ച അമ്മയിൽ നിന്നും ഗർഭകാലത്ത് കുഞ്ഞിലേയ്ക്ക്, രോഗമുള്ള ആളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക, പൂർണമായും അണുവിമുക്തമാക്കാത്ത സൂചികൾ കൊണ്ട് ഇഞ്ചക്ഷൻ എടുക്കുക എന്നിവയാണ് പ്രധാനമായും ഈ രോഗം ശരീരത്തിലേക്ക് കടന്നുകയറാനുള്ള മാർഗ്ഗങ്ങൾ. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്ന മുറയ്ക്ക് അപൂർവങ്ങളായ പൂപ്പൽ ബാധകൾ, കാൻസറുകൾ, ക്ഷയരോഗം മുതലായവ പെട്ടെന്ന് രോഗിയെ ബാധിക്കുന്നു.
എയ്ഡ്സ് ചികിത്സയില്ലാത്ത രോഗം എന്നാണ് പൊതുവെ ഈ അസുഖത്തെക്കുറിച്ചുള്ള ഒരു തെറ്റായ ധാരണ. എന്നാൽ തക്കസമയത്ത് കൃത്യമായ ചികിത്സ തുടങ്ങാൻ സാധിച്ചാൽ തീർച്ചയായും ഈ അസുഖം ബാധിച്ചവർക്ക് ആയുർദൈർഘ്യം നീട്ടിക്കിട്ടുന്നു. പണ്ടൊക്കെ നിരവധി ഗുളികകൾ രോഗി കഴിക്കേണ്ടിയിരുന്നു. എന്നാൽ ഇന്ന് ദിവസത്തിൽ ഒരു ഗുളികയെന്ന കണക്കിലായി കുറയുകയും പാർശ്വഫലങ്ങൾ വളരെ കുറയുകയും ചെയ്തിട്ടുണ്ട്. രോഗം ബാധിച്ചയാളുടെ കൂടെ ഒരു മുറിയിൽ ഇരുന്നത് കൊണ്ടോ, രോഗിയെ സ്പർശിച്ചതു കൊണ്ടോ, ഒരുമിച്ച് ഒരു പാത്രത്തിൽ ഭക്ഷണം കഴിച്ചതുകൊണ്ടോ ഒന്നും ഈ രോഗം മറ്റൊരാൾക്ക് പകരുകയില്ല. ഇത്തരം അബദ്ധ ധാരണകൾ മൂലം ഈ രോഗം ബാധിച്ചവർ പാർശ്വവത്‌കരിക്കപ്പെടുന്നു എന്നത് ഒരു സത്യം തന്നെയാണ്. ഉമിനീരിലൂടെ ഈ രോഗം പകരുകയില്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
നേരത്തെ കണ്ടുപിടിച്ചാൽ പൂർണമായും നിയന്ത്രണവിധേയമാക്കുവാൻ കഴിയുന്ന ഒരു അസുഖമാണ് എച്ച്.ഐ.വി. രക്തദാനം മൂലമുള്ള രോഗപകർച്ച നൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു പരിധിവരെയെങ്കിലും തടയാൻ സാധിച്ചിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യവുമാണ്. ചികിത്സാരീതികൾ പുരോഗമിച്ചതോടെ അമ്മയിൽ നിന്ന് കുഞ്ഞിലേയ്ക്കുള്ള രോഗപകർച്ചയെ പൂർണ്ണമായും തടയാൻ സാധിക്കുന്നുണ്ട്.
അതിനാൽ തെറ്റിദ്ധാരണകൾ മാറ്റിയെടുത്ത് ഈ രോഗം ബാധിച്ചവരെ നമുക്ക് ഒപ്പം ചേർക്കാം. നമുക്ക് ഒരുമിച്ചു തടുത്ത് നിർത്താൻ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെ.