ഡബ്ലിന്‍ : അയര്‍ലണ്ടിലെ കുടിയേറ്റക്കാര്‍ക്ക് മാതാപിതാക്കളെയോ,മറ്റ് ഉറ്റവരായ ആശ്രിതരെയോ ഒപ്പം കൊണ്ട് വന്ന് താമസിപ്പിക്കാന്‍ അനുവദിക്കുന്ന സീറോ സ്റ്റാമ്പിന്റെ വിസാ കാലാവധി നീട്ടിയേക്കുമെന്ന സൂചന നല്‍കി ജസ്റ്റിസ് മന്ത്രി.ജസ്റ്റീസ് വകുപ്പ് ഇതിനായുള്ള അവലോകനം ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി ഹെലന്‍ മക് എന്റി ഡയലില്‍ അറിയിച്ചു.
ആശ്രിതാവസ്ഥയിലുള്ള മാതാപിതാക്കള്‍ക്ക് , രാജ്യത്ത് പ്രവേശിക്കാനും പുറത്തുപോകാനും ,നിയന്ത്രണങ്ങളില്ലാതെ അയര്‍ലണ്ടില്‍ താമസിക്കാനും വളരെ അനുയോജ്യമായ ഇമിഗ്രേഷന്‍ അനുമതിയാണ്. നിലവില്‍ ഒരു വര്‍ഷത്തെ കാലാവധിയിലാണ് അയര്‍ലണ്ടില്‍ താമസിക്കാനുള്ള അനുമതി. ആദ്യം അനുമതി നല്‍കിയ മാനദണ്ഡങ്ങള്‍ ഉടമ തുടര്‍ന്നും പാലിക്കുന്നുണ്ടെങ്കില്‍ സങ്കീര്‍ണതകളില്ലാതെ ഇത് പുതുക്കും.
എന്നാല്‍ ഇത് മൂന്നോ അഞ്ചോ വര്‍ഷത്തെ കാലാവധിയുള്ള വിസയാക്കി മാറ്റാനുള്ള പരിശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.വകുപ്പ്തല അവലോകനത്തിന് ശേഷം ഇത് സംബന്ധിച്ച തീരുമാനം അറിയിക്കും.
2021-ല്‍, സംസ്ഥാനത്ത് പ്രോസസ്സ് ചെയ്ത ആകെ റിന്യൂവലുകളില്‍ 0.31 ശതമാനവും സ്റ്റാമ്പ് 0 പുതുക്കലുകളാണ് . ഇന്ത്യന്‍ വംശജരായ നൂറുകണക്കിന് രക്ഷിതാക്കള്‍ക്ക് സീറോ വിസയുടെ പ്രയോജനം ലഭിക്കുന്നുണ്ട്
ആര്‍ക്കൊക്കെ ലഭിക്കും സീറോ സ്റ്റാമ്പ് ?
വിദേശ രാജ്യങ്ങളില്‍ ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്യുന്നവര്‍ക്ക് തുടരാനുള്ള സ്റ്റാമ്പ് 0 അനുമതി വളരെ ജനപ്രിയമായ ഓപ്ഷനാണ്. ‘ഒരു റിട്ടയര്‍മെന്റ് വിസ’ എന്ന നിലയിലാണ് അത്തരക്കാര്‍ വിസയെ കണക്കാക്കുന്നത്.അയര്‍ലണ്ടില്‍ താമസിക്കാനുള്ള വരുമാനം പെന്‍ഷനില്‍ നിന്നോ ,മറ്റു മാര്‍ഗങ്ങളില്‍ നിന്നോ ഉണ്ടെന്ന് തെളിയിക്കാനായാല്‍ ഇവര്‍ക്ക് സീറോ വിസ ലഭിക്കും. സ്റ്റാമ്പ് 0 അനുമതിയുള്ളയാള്‍ക്ക് അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കാനോ സ്ഥാപിക്കാനോ ബിസിനസ്സ് നടത്താനോ കഴിയില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇത് അനുവദനീയമല്ല, അങ്ങനെ ചെയ്യുന്നത് തുടരാനുള്ള അനുമതിയുടെ നിബന്ധനകളുടെയും വ്യവസ്ഥകളുടെയും ലംഘനമാണ്, ഇത് അനുമതി റദ്ദാക്കുന്നതിനും കൂടാതെ/അല്ലെങ്കില്‍ പുതുക്കാനുള്ള തടസത്തിനും കാരണമായേക്കാം. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകളും സ്വകാര്യ ആശുപത്രികളിലെ മുഴുവന്‍ പരിരക്ഷയുള്ള സ്വകാര്യ മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ തെളിവുകളും ആവശ്യമാണ്
ഒരു ഐറിഷ് സര്‍വകലാശാലയോ കോളേജുകളോ സന്ദര്‍ശിക്കുന്ന അക്കാദമിക് വിദഗ്ദര്‍ക്കും സീറോ സ്റ്റാമ്പ് ലഭിക്കും
ഐറിഷ് പൗരന്റെയോ,അയര്‍ലണ്ടില്‍ നിയമവിധേയമായി താമസിക്കുന്ന ഇന്ത്യാക്കാര്‍ അടക്കമുള്ള നോണ്‍ ഇ യൂ പൗരന്മാരുടെ പ്രായമായ രക്ഷിതാക്കളോ ,ആശ്രിത ബന്ധുവോ ആയവര്‍ക്കും സീറോ സ്റ്റാമ്പ് ലഭിക്കും. സ്വതന്ത്രമായ വരുമാന മാര്‍ഗവും സാമ്പത്തികമായി പൂര്‍ണ്ണമായി സ്വയം പര്യാപ്തതയും തെളിയിക്കേണ്ടതുണ്ട്. അയര്‍ലണ്ടിലുള്ള അവരുടെ മക്കളടക്കമുള്ള സ്‌പോണ്‍സര്‍മാര്‍ക്ക് അവരെ പൂര്‍ണ്ണമായി പിന്തുണയ്ക്കാനാവുമെന്ന് തെളിയിച്ചാലും ചില കേസുകളില്‍ സീറോ സ്റ്റാമ്പ് അനുവദിക്കും. സ്റ്റേറ്റ് ആനുകൂല്യങ്ങളെയോ പൊതുവായി ധനസഹായം നല്‍കുന്ന സേവനങ്ങളെയോ ആശ്രയിക്കാന്‍ പക്ഷെ അവര്‍ക്ക് അനുമതിയുണ്ടാവില്ല.
പുനരവലോകനം ഉടന്‍
സീറോ സ്റ്റാമ്പ് അടക്കമുള്ള വിസ സ്റ്റാമ്പുകള്‍ സംബന്ധിച്ച അവലോകനം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇവ സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വൈകാതെ ഉണ്ടായേക്കും