ന്യൂയോർക്ക് : യുഎസ് ഹൗസിലെ ഡെമോക്രാറ്റിക് പാർട്ടി നേതാവായി ഹകീം ജെഫ്രിസിനെ (52) തിരഞ്ഞെടുത്തു. ആഫ്രിക്കൻ അമേരിക്കൻ പൗരൻ ഈ സ്ഥാനത്തു എത്തുന്നത് ഇതാദ്യമാണ്. ജനുവരി 3 നു കോൺഗ്രസ് സമ്മേളിക്കുമ്പോൾ ജെഫ്രിസ് മൈനോറിറ്റി ലീഡറാവും. ഭാവിയിൽ പാർട്ടിക്കു ഹൗസിൽ ഭൂരിപക്ഷം കിട്ടുമ്പോൾ അദ്ദേഹം സ്‌പീക്കറുമാവും.
ദീർഘകാലം പാർട്ടിയെ ഹൗസിൽ നയിച്ച നാൻസി പെലോസി 82 വയസിൽ വിരമിച്ചതിനെ തുടർന്നാണ് ബുധനാഴ്ച ഡമോക്രാറ്റുകൾ ജെഫ്രിസിനെ തിരഞ്ഞെടുത്തത്. യുഎസ് അധികാരശ്രേണിയിൽ മൂന്നാം സ്ഥാനമുള്ള സ്പീക്കർ പദവിയിൽ പെലോസി പ്രാഗത്ഭ്യം തെളിയിച്ചിരുന്നു.
ഡെമോക്രാറ്റിക് പാർട്ടിക്ക് ഹൗസിൽ ഇതോടെ പുതിയൊരു നേതൃത്വ നിര വന്നു. കാതറൈൻ ക്ളർക് (58) പാർട്ടി വിപ്പ് ആയി. പീറ്റ് അഗ്വീലർ (47) കോക്കസ് നേതാവായി. നിലവിൽ ഉണ്ടായിരുന്നവരേക്കാൾ പ്രായം കുറഞ്ഞവരാണ് മൂന്നു പേരും.
പെലോസി മൂന്നു പേർക്കും അഭിനന്ദനം അറിയിച്ചു. "ഈ പുതിയ തലമുറയിലെ നേതാക്കൾ നമ്മുടെ രാജ്യത്തിന്റെ ഊർജസ്വലതയും വൈവിധ്യവും തെളിയിക്കുന്നു. അവരുടെ പുതിയ ഊർജവും ആശയങ്ങളും കാഴ്ചപ്പാടുകളും നമ്മുടെ കോക്കസിനു പുത്തൻ മികവ് നൽകും."
ബ്രുക്ലിനിൽ അഭിഭാഷകനായ ജെഫ്രിസ് പുരോഗമന ആശയക്കാരനാണ്. പാർട്ടിയിലെ ലിബറൽ ഗ്രൂപ്പിൽ നിൽക്കുന്ന അദ്ദേഹം 2013 ലാണ് ആദ്യം സഭയിൽ എത്തിയത്. 2019 മുതൽ ഡെമോക്രാറ്റിക് കോക്കസ് അധ്യക്ഷനാണ്.