ദോഹ: ലോകകപ്പ് ഫുട്ബോള്‍ എന്നും ലാറ്റിനമേരിക്കയും യൂറോപ്പും തമ്മിലുള്ള പോരാട്ടം മാത്രമായി ഒതുങ്ങുകയാണ് പതിവ്. എന്നാല്‍, ഇക്കുറി സ്ഥിതി വ്യത്യസ്തമായി. ഇത്തവണത്തെ മരണ ഗ്രൂപ്പ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് ഇയില്‍ ജര്‍മനിയെയും പിന്നെ സ്പെയ്നെയും കീഴടക്കിയ ഏഷ്യന്‍ പ്രതിനിധികളായ ജപ്പാന്‍ കരുത്തു കാട്ടി.
ഗ്രൂപ്പിലെ അവസാന മത്സരങ്ങളിലൊന്നില്‍ ജപ്പാന്‍ സ്പെയ്നെ ഒന്നിനെതിരേ രണ്ടു ഗോളിനു തോല്‍പ്പിച്ചപ്പോള്‍, അവരില്‍ നേരത്തെ പരാജയം ഏറ്റുവാങ്ങിയ ജര്‍മനി ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്താകുകയും ചെയ്തു.
ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച ശേഷം പിന്നീട് നിറം മങ്ങിപ്പോയ സൗദി അറേബ്യയെ പോലെ ആയിരുന്നില്ല ജപ്പാന്‍. ജര്‍മനിക്കെതിരായ വിജയം ഫ്ളൂക്കല്ലെന്നു തെളിയിച്ചുകൊണ്ടാണ് സ്പെയ്നെ അവര്‍ വാരിക്കളഞ്ഞത്.
മൂന്ന് മത്സരങ്ങളില്‍ ആറ് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് ജപ്പാന്റെ മുന്നേറ്റം. നാല് പോയിന്റുമായി സ്പെയിന്‍ രണ്ടാം സ്ഥാനക്കാരായപ്പോള്‍, നാലു പോയിന്റെ തന്നെയുള്ള ജര്‍മനി ഗോള്‍ വ്യത്യാസത്തിന്റെ കണക്കില്‍ മൂന്നാം സ്ഥാനത്തായി.