ന്യു യോർക്ക്: ന്യു യോർക്ക് യൂണിവേഴ്സിറ്റിയിലെ (എൻ വൈ യു) ടാൻഡൻ സ്കൂൾ ഓഫ് എഞ്ചിനിയറിയിംഗിനു അടുത്ത രണ്ടു ദശകത്തിലായി ഒരു ബില്യൺ ഡോളറിന്റെ നിക്ഷേപം ലഭ്യമാവും. പരോപകാര പ്രവർത്തനങ്ങൾക്കു കീർത്തി നേടിയ ഇന്ത്യൻ അമേരിക്കൻ ചന്ദ്രിക-രഞ്ജൻ ടാൻഡൻ ദമ്പതിമാരുടെ പേരിലുള്ള സ്കൂളിന് ഈ നിക്ഷേപം വാഗ്ദാനം ചെയ്തത് എൻ വൈ യു പ്രസിഡന്റ് ആൻഡ്രൂ ഹാമിൽട്ടൺ ആണ്.
സ്കൂളും നഗരവും അതോടെ വലിയൊരു സാങ്കേതിക കേന്ദ്രമാവുമെന്നു ഹാമിൽട്ടൺ ചൂണ്ടിക്കാട്ടി.
2015 ൽ സ്കൂളിനു രഞ്ജൻ ടാൻഡനോടൊപ്പം $100 മില്യൺ സംഭാവന ചെയ്ത ചന്ദ്രിക ടാൻഡൻ ചടങ്ങിൽ സന്നിഹിതയായിരുന്നു. "ഉജ്വലമായ പുരോഗതി തുടരുന്നു, ആവേശകരം!" അവർ പറഞ്ഞു.
സ്കൂളിനു $600 മില്ല്യൺ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു എന്നു ന്യു യോർക്ക് ടൈംസ് ചൂണ്ടിക്കാട്ടി. $400 മില്ല്യൺ അതിനു പുറമെയാണ്. ഈ നിക്ഷേപം യുഎസ് ന്യൂസ് വേൾഡ് റിപ്പോർട്ടിൽ സ്കൂളിന്റെ പദവി ഉയർത്തി. 2006 ൽ 82ആം സ്ഥാനം ഉണ്ടായിരുന്നിടത്ത് ഇപ്പോൾ അത് 33 ആയി.
ടാൻഡൻ സ്കൂളിനു സമീപം 350,000 ചതുരശ്ര അടി കെട്ടിടം വാങ്ങിയെന്നു യൂണിവേഴ്സിറ്റി പറഞ്ഞു. പുതുതായി 40 ഫുൾ ടൈം അധ്യാപകരെ നിയമിക്കും. മികച്ച ഗവേഷണ സൗകര്യം ഉൾപ്പെടെ ഡൗൺടൗൺ ബ്രുക്ലിൻ ക്യാമ്പസിന്റെ നവീകരണമാണ് ലക്‌ഷ്യം.
പെപ്‌സി സി ഇ ഓ ആയിരുന്ന ഇന്ദ്ര നൂയിയുടെ സഹോദരിയായ ചന്ദ്രിക ചെന്നൈയിലാണു ജനിച്ചത്. 1992 ൽ ടാൻഡൻ അസോഷ്യേറ്റ്സ് സ്ഥാപിച്ച അവർ സംഗീത രംഗത്തെ മികവിന് ഗ്രാമി അവാർഡ്‌സ് നോമിനേഷൻ നേടിയിട്ടുണ്ട്.