ന്യൂയോർക്ക് : അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം ഇന്ത്യൻ അമേരിക്കൻ നിക്കി ഹീലി വീണ്ടും പ്രകടിപ്പിച്ചു. സൗത്ത് കരളിന മുൻ ഗവർണറും യുന്നിലെ മുൻ അംബാസഡറുമായ ഹേലി താൻ പഠിച്ച ക്ലെംസൺ വാഴ്സിറ്റിയിലെ കാമ്പസിൽ ഒരു മണിക്കൂർ നീണ്ട പ്രഭാഷണത്തിനിടയിൽ വീണ്ടും പറഞ്ഞു: "ഞാൻ ഒരു മത്സരത്തിലും തോറ്റിട്ടില്ല."
2024ലെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയാവാൻ ഡൊണാൾഡ് ട്രംപ് ഉറച്ച തീരുമാനം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഹേലിയുടെ രംഗപ്രവേശം ട്രംപിന്റെ രോഷം വിളിച്ചുവരുത്തുമെന്ന് ഉറപ്പാണ്. എന്നാൽ നവംബർ 8 ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിന്റെ സ്ഥാനാർഥികളിൽ മിക്കവാറും തോറ്റ കഴിഞ്ഞ ശേഷം അദ്ദേഹത്തെ എതിർക്കാനുള്ള ധൈര്യം പാർട്ടിയിൽ പല നേതാക്കളും പ്രകടിപ്പിച്ചു കഴിഞ്ഞു. ട്രംപിന്റെ ക്യാബിനറ്റ് അംഗമായിരുന്ന ഹേലിയും അദ്ദേഹത്തെ നേരിടുമോ എന്നതാണു ചോദ്യം.
"അവധിക്കാലം ആയതു കൊണ്ട് കാര്യങ്ങൾ എങ്ങിനെയുണ്ടെന്നു വിലയിരുത്തുകയാണ്," ഹേലി പറഞ്ഞു. "പക്ഷെ ഞാൻ ഒരു കാര്യം പറയാറുണ്ട്, ഞാൻ ഒരു മത്സരത്തിലും തോറ്റിട്ടില്ല. മത്സരിക്കാൻ തീരുമാനിച്ചാൽ 1000% അതിൽ ഉറച്ചു നിൽക്കും."
ട്രംപ് മത്സരിച്ചാൽ താൻ എതിർക്കില്ലെന്നു പറഞ്ഞിട്ടുള്ള ഹേലി ആ നിലപാട് തിരുത്തുകയാണ്. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്, ട്രംപിന്റെ വൈസ് പ്രസിഡന്റ് ആയിരുന്ന മൈക്ക് പെൻസ് തുടങ്ങിയവർ മത്സരിക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
വലതുപക്ഷ ടേണിംഗ് പോയിന്റ് ഗ്രൂപ് സംഘടിപ്പിച്ച യോഗത്തിൽ ഹേലി ചൊവാഴ്ച സംസാരിച്ചത്. റിപ്പബ്ലിക്കൻ പാർട്ടിയെ കുറിച്ചുള്ള അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു. "ഡെമോക്രാറ്റ്സ് കൂടുതൽ പണം പിരിച്ചു, അവരുടെ സന്ദേശം കൂടുതൽ വ്യക്തമായി ജനങ്ങളിൽ എത്തി. നേരത്തെ വോട്ടു ചെയ്യാനുള്ള നീക്കങ്ങളും അവർക്കു ഗുണമായി.
"റിപ്പബ്ലിക്കൻസ് എന്തു ചെയ്തു? അവർ പരസ്പരം കലഹിച്ചു. അത്തരം അരാജകത്വത്തിനിടയിൽ ജനങ്ങളോട് എന്താണു പറയുക. ആ അവസ്ഥയിലുള്ള പാർട്ടിയെ ജനങ്ങൾ തള്ളിക്കളയും."
2024 ലേക്കു വിരൽ ചൂണ്ടി അവർ പറഞ്ഞു: "പാർട്ടി കണ്ണാടിയിൽ നോക്കണം. നമുക്ക് ആത്മ പരിശോധന നടത്താനുണ്ട്."