കലിഫോണിയ: പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയെ (ചിത്രം) കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്ത കൂറ്റവാളി സംഘ നേതാവ് ഗോൾഡി ബ്രാർ എന്ന സതീന്ദർജിത് സിംഗ് കലിഫോണിയയിൽ പിടിയിലായെന്ന വാർത്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ സ്ഥിരീകരിച്ചു. "സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയ്ക്ക് ഞാൻ സ്ഥിരീകരിക്കുന്നു -- കാനഡയിൽ കഴിയുന്ന വലിയ കുറ്റസംഘ നേതാവ് ഗോൾഡി ബ്രാറിനെ അമേരിക്കയിൽ അറസ്റ്റ് ചെയ്തു."
ഇന്ത്യൻ കുറ്റാന്വേഷണ ഏജൻസികളായ സി ബി ഐ യും റോയും ഇക്കാര്യം സ്ഥിരീകരിച്ചതായി ഡൽഹിയിൽ ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
ലോറൻസ് ബിഷ്‌ണോയി എന്ന കുറ്റവാളിയുടെ സംഘത്തിനു വേണ്ടി ഈ വർഷം മെയ് 29 നു മൂസേവാലയെ (28) വധിച്ചതു താനണെന്നു ബ്രാർ നേരത്തെ പറഞ്ഞിരുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായി ഭഗവന്ത് മാൻ സർക്കാർ വി ഐ പി സുരക്ഷ പിൻവലിച്ചതിന്റെ പിറ്റേന്നായിരുന്നു പഞ്ചാബിലെ മൻസാ ജില്ലയിലെ ഗ്രാമത്തിലുള്ള വീടിനടുത്തു വച്ച് കാറിൽ സഞ്ചരിച്ചിരുന്ന ഗായകനെ ആറു പേരടങ്ങുന്ന സംഘം വെടിവച്ചു കൊന്നത്. നാലു പേരെ പൊലീസ് പിടികൂടി, രണ്ടു പേർ ഏറ്റുമുട്ടലിൽ മരിച്ചു.
വിദ്യാർഥി വിസയിൽ 2017 ൽ കാനഡയിൽ പോയ ബ്രാർ അവിടെ ബിഷ്‌ണോയി സംഘത്തിൽ ചേരുകയായിരുന്നു. കാനഡയിൽ പൊലീസ് അന്വേഷിച്ചു തുടങ്ങിയപ്പോൾ അയാൾ യുഎസിലേക്കു കടന്നു. ഫ്രൻസോയിലാണ് താമസിച്ചു വന്നത്. മറ്റൊരു കൊലക്കേസിൽ ജൂൺ 2 നു അയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് നൽകിയിരുന്നു.