റെയിൽവേ സമരം ഒഴിവാക്കാനുള്ള ബിൽ യുഎസ് സെനറ്റും പാസാക്കി; ബൈഡൻ ഉടൻ ഒപ്പിടും 

author-image
athira kk
New Update

ന്യൂയോർക്ക് : ഡിസംബർ 9 നു ആരംഭിക്കാനിരുന്ന യുഎസ് റെയിൽ  സമരം ഒഴിവാക്കാനുള്ള ബിൽ  കോൺഗ്രസിന്റെ ഉപരിസഭയായ സെനറ്റ് 80-15 വോട്ടിനു പാസാക്കി. ഇതോടെ സമരം നിരോധിക്കപ്പെട്ടു. റെയിൽ ജീവനക്കാരുടെ സംഘടനകളെ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനു വഴങ്ങാൻ നിർബന്ധിക്കുന്ന ബിൽ നേരത്തെ അധോസഭയായ ഹൗസ് പാസാക്കിയിരുന്നു. എന്നാൽ ജീവനക്കാർക്ക് ഏഴു ദിവസത്തെ ശമ്പളത്തോടു കൂടിയ രോഗാവധി നൽകണമെന്ന വ്യവസ്ഥ ഹൗസ് കൊണ്ടുവന്നെങ്കിലും സെനറ്റ് നിരാകരിച്ചു.

Advertisment

publive-image

ബിൽ തന്റെ മുന്നിൽ എത്തിയാൽ ഉടൻ ഒപ്പിടുമെന്നു പ്രസിഡന്റ് ജോ ബൈഡൻ വ്യാഴാഴ്ച പറഞ്ഞിരുന്നു. കോൺഗ്രസിനു നന്ദി പറഞ്ഞു കൊണ്ട് അദ്ദേഹം പറഞ്ഞു: "ഈ രാജ്യത്തെ ക്രിസ്മസ് കാലത്തു ഉണ്ടാകുമായിരുന്ന ദുരന്തത്തിൽ നിന്ന് കോൺഗ്രസ് അംഗങ്ങൾ രക്ഷപെടുത്തി."

സമരം യുഎസ് സമ്പദ് വ്യവസ്ഥയെ തകർക്കും എന്നതിനാൽ വേഗത്തിൽ പ്രവർത്തിക്കാൻ അദ്ദേഹം കോൺഗ്രസിനോട് നേരത്തെ അഭ്യർഥിച്ചു. സെനറ്റർ ആയിരിക്കെ വർഷങ്ങളോളം ഡെലവെയറിൽ നിന്നു വാഷിംഗ്ടണിലേക്കു തീവണ്ടിയിൽ യാത്ര ചെയ്തിരുന്ന ബൈഡൻ പറഞ്ഞു: "തൊഴിൽ ചെയ്യുന്ന ദശലക്ഷക്കണക്കിനു ആളുകൾക്കും അവരുടെ കുടുംബങ്ങൾക്കും സമരം ദുരിതമുണ്ടാക്കും."

ഇന്ധനം, മരുന്നുകൾ തുടങ്ങി അവശ്യ വസ്തുക്കളുടെ നീക്കം തടയുന്ന സമരം ദിവസേന രണ്ടു ബില്യൺ ഡോളർ നഷ്ടം വരുത്തിവച്ചേനെ. പുറമെ, എന്നും യാത്ര ചെയ്യുന്ന 70 ലക്ഷം പേരെ വലയ്ക്കുകയും ചെയ്തേനെ.

സോഷ്യലിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന സെനറ്റർ ബേണി സാന്ഡേഴ്സും മറ്റുമാണ് രോഗാവധി വ്യവസ്ഥയ്ക്ക് മുൻകൈയെടുത്തത്. എന്നാൽ അതിനു വേണ്ട 60 വോട്ടിന്റെ പിന്തുണ 50-50 എന്ന അംഗബലമുള്ള സെനറ്റിൽ ലഭിച്ചില്ല. ആറു റിപ്പബ്ലിക്കൻ അംഗങ്ങൾ അനുകൂലിച്ചെങ്കിലും വോട്ട് 52-43 ആയിരുന്നു.

കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന വ്യവസ്ഥ 15 നെതിരെ 80 വോട്ടിനാണ് പാസായത്.
രോഗാവധി വ്യവസ്ഥ തള്ളപ്പെട്ടതിൽ ബൈഡനു നേരെ യുണിയനുകൾ രോഷം കൊണ്ടപ്പോൾ  ഡെമോക്രാറ്റുകൾ അതിന്റെ പഴി റിപ്പബ്ലിക്കൻ പാർട്ടിയുടെ മേൽ ചാരി. ഡെമോക്രാറ്റിക് സെനറ്റർമാരിൽ ഒരാൾ മാത്രമാണ് അതിനെ എതിർത്തത് -- സെനറ്റർ ജോ മഞ്ചിൻ.

Advertisment