സ്മിതാ ഹരിദാസ് മന്ത്ര കണ്‍വെന്‍ഷന്‍ കണ്‍വീനര്‍

author-image
athira kk
New Update

ന്യൂയോർക്ക് : ശ്രീമതി സ്മിതാ ഹരിദാസ് മന്ത്ര കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ കലാ പ്രവര്‍ത്തനങ്ങളിലൂടെ , പ്രവാസികളുടെ ഇടയില്‍ പ്രത്യേകിച്ച് യുവതലമുറയെ ഹൈന്ദവ ആത്മീയ സാംസ്‌കാരിക തലങ്ങളില്‍ അവരുടെ പൈതൃകവുമായി ബന്ധിപ്പിക്കാന്‍ സ്മിത വര്‍ഷങ്ങളായി അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിച്ചു വരുന്നു.

publive-image

വിവിധ ഹൈന്ദവ കണ്‍വെന്‍ഷനുകളില്‍ വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം പങ്കെടുക്കുന്ന ശ്രീമതി സ്മിത ,2023 ജൂലൈയില്‍ ഹ്യുസ്റ്റണില്‍ നടക്കുന്ന മന്ത്ര വിശ്വ ഹിന്ദു സമ്മേളനത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നതില്‍ സന്തോഷം അറിയിച്ചു .കലാ സാംസ്‌കാരിക രംഗത്തുള്ള സ്മിതയുടെ അനുഭവ ജ്ഞാനം, മന്ത്ര കണ്‍വെന്‍ഷന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കുമെന്നത് നിസ്തര്‍ക്കം ആണെന്ന് പ്രസിഡന്റ് ഹരി ശിവരാമനും വൈസ് പ്രസിഡന്റ് ഷിബു ദിവാകരനും അഭിപ്രായപ്പെട്ടു

വടക്കേ അമേരിക്കയിലെ ഭാരതീയ കലാ സാംസ്‌കാരിക രംഗത്ത് സുപരിചിത ആയ സ്മിത ഹരിദാസ് നര്‍ത്തകി, മോഡല്‍, അഭിനേതാവ്, സ്റ്റേജ് പെര്‍ഫോമര്‍ തുടങ്ങിയ രംഗങ്ങളില്‍ പ്രശോഭിക്കുന്നു .മിത്രാസ് എന്ന സ്ഥാപനത്തിലെ ഡാന്‍സ് ഡയറക്ടറായ അവര്‍ കഴിഞ്ഞ 12 വര്‍ഷമായി വടക്കേ അമേരിക്കയിലുടനീളമുള്ള വിവിധ വേദികളില്‍ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിലും അവതരിപ്പിക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ഷോര്‍ട്ട് ഫിലിമുകളിലും അന്താരാഷ്ട്ര ജ്വല്ലറി ശൃംഖലയുടെ പരസ്യങ്ങളിലും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ടൊറന്റോയില്‍ ഈയിടെ നടന്ന വാര്‍ഷിക എകെഎംജി കണ്‍വെന്‍ഷനില്‍ (ഓള്‍ കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സ്) കള്‍ച്ചറല്‍ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചിരുന്നു .ഭാരതീയ ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കി തയാറാക്കുന്ന ഷോയുടെ പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഇപ്പോള്‍ തന്റെ ടീമിനൊപ്പം വ്യാപൃതയാണ് .

മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും സ്മിത ഇന്ത്യയിലും യുഎഇയിലും യുഎസിലുമായി വിവിധ സ്റ്റേജുകളിലായി നൂറിലധികം പരിപാടികള്‍ അവതരിപ്പിച്ചു. കുട്ടിക്കാലത്ത് പ്രശസ്ത അധ്യാപിക കലാമണ്ഡലം സരസ്വതിയുടെ കീഴില്‍ പരിശീലനം നേടിയ അവര്‍ക്ക് ,കേരളത്തിലും യുഎഇയിലും വ്യക്തിഗത, ഗ്രൂപ്പ് നൃത്ത പ്രകടനങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട് .

കേരളത്തില്‍ കോഴിക്കോട് ജനിച്ച് അബുദാബിയില്‍ വളര്‍ന്ന സ്മിത 1998-ല്‍ ഭര്‍ത്താവ് ഡോ. ജയ്കുമാറിനൊപ്പം യുഎസിലേക്ക് താമസം മാറി. തൊഴില്‍പരമായി എഞ്ചിനീയറായ സ്മിത ന്യൂയോര്‍ക്കിലെ ഡച്ചസ് കൗണ്ടിയില്‍ അഫോര്‍ഡബിള്‍ ഹൗസിംഗ് പ്രോജക്ടിന്റെ നേതൃ സ്ഥാനം വഹിക്കുന്നു . മക്കള്‍ ഗായത്രി, കേശവ് .

Advertisment