ടെഹ്റാന്‍: മഹ്സ അമീനിയുടെ കസ്റ്റഡി മരണത്തെത്തുടര്‍ന്ന് ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം വിജയത്തിലേക്ക്. രാജ്യത്തെ മതകാര്യ പോലീസ് സേനയെ സസ്പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഈ സേന ക്രമേണ ഇല്ലാതാക്കാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് സൂചന. മതകാര്യ പോലീസാണ് മഹ്സ അമീനിയെ ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് കസ്ററഡിയിലെടുത്തത്. പോലീസ് കസ്റ്റഡിയില്‍ നിന്ന് മഹ്സ ജീവനോടെ പുറത്തുവന്നില്ല.
തുടര്‍ന്ന് ഇറാനില്‍ ആരംഭിച്ച പ്രക്ഷോഭത്തിന് ലോകവ്യാപക പിന്തുണ ലഭിച്ചിരുന്നു. ഹിജാബ് കത്തിച്ചും പരസ്യമായി മുടി മുറിച്ചുമെല്ലാം ഇറേനിയന്‍ സ്ത്രീകള്‍ വ്യാപകമായി പ്രക്ഷോഭത്തില്‍ പങ്കെടുത്തു. ലോകകപ്പ് ഫുട്ബോളില്‍ പങ്കെടുക്കാനെത്തിയ രാജ്യത്തിന്റെ ഫുട്ബോള്‍ ടീമംഗങ്ങള്‍ ദേശീയ ഗാനം പാടാന്‍ വിസമ്മതിച്ചുകൊണ്ടാണ് പ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.
1979 മുതല്‍ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് കടുത്ത യാഥാസ്ഥിതിക നിയമങ്ങളാണ് ഇറാനില്‍ നിലനില്‍ക്കുന്നത്. യുഎസ് പിന്തുണയോടെ ഭരിച്ചിരുന്ന രാജകുടുംബത്തെ നിഷ്കാസനം ചെയ്ത് യാഥാസ്ഥിതിക മതവാദികള്‍ അധികാരത്തിലെത്തിയതോടെയായിരുന്നു ഇത്. 2006~ല്‍ അന്നത്തെ യാഥാസ്ഥിതികനായ പ്രസിഡന്റ് മഹമൂദ് അഹമ്മദിനെജാദിന്റെ നേതൃത്വത്തിലാണ് രാജ്യത്ത് 'അച്ചടക്കത്തിന്റെയും ഹിജാബിന്റെയും സംസ്കാരം ഉറപ്പുവരുത്തുന്നതിന്' ഗാഷ്ദ് ഇ ഇര്‍ഷാദ് എന്ന പേരിലുള്ള മതകാര്യപോലീസിന് രൂപംനല്‍കിയത്.