ലണ്ടന്‍: ഉപരിപഠനത്തിനായി യുകെയിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ പ്രവേശനം നേടി രാജ്യത്തെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പഠനം പാതിവഴിക്ക് ഉപേക്ഷിക്കുന്ന പ്രവണത വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്.
/sathyam/media/post_attachments/4xtsQYyKavG6hu6ohrDA.jpg)
വിവിധ മേഖലകളില്‍ കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്ന യുകെയില്‍, വിദ്യാഭ്യാസത്തിനായെത്തുന്ന വിദ്യാര്‍ഥികളില്‍ പലര്‍ക്കും അനായാസം ജോലി കണ്ടെത്താന്‍ സാധിക്കുന്നതാണ് ഇതിനൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സ്ററുഡന്റ് വിസ മാറ്റി സ്കില്‍ഡ് വര്‍ക്കര്‍ വിസയാക്കാന്‍ മാത്രം യോഗ്യതയുള്ളവരാണ് യുകെയില്‍ പഠിക്കാനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ പലരും. ഇതിനു കിട്ടുന്ന അവസരം അവര്‍ ഉപയോഗപ്പെടുത്തുക മാത്രം ചെയ്യുന്നു.
നിലവില്‍ സ്ററുഡന്റ് വിസ എടുത്തു പോയവരില്‍ പത്ത് ശതമാനം പേരും സ്കില്‍ഡ് വര്‍ക്കര്‍ വിസയായി മാറ്റി വാങ്ങിക്കഴിഞ്ഞെന്നാണ് എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്റുകള്‍ പറയുന്നത്. ഈ പ്രക്രിയ തികച്ചും നിയമപരം തന്നെയാണ്. ഒഴിവുള്ള ജോലിക്ക് നിര്‍ദിഷ്ട യോഗ്യതയുള്ളവരാണെങ്കില്‍ സ്റ്റുഡന്റ് വിസക്കാര്‍ക്കും ഇതു കിട്ടും.
ഈ പ്രവണതയെ മോശമായി കാണേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. യുകെയില്‍ ജോലി സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് പലരും അവിടെ പഠിക്കാന്‍ പോകുന്നത്. പഠനം പൂര്‍ത്തിയാകും മുന്‍പ് തന്നെ തൊഴിലവസരും വന്നാല്‍ എന്തിന് അതു വേണ്ടെന്നു വയ്ക്കണമെന്നും കണ്‍സള്‍ട്ടന്റുകള്‍ ചോദിക്കുന്നു.
രണ്ടോ മൂന്നോ വര്‍ഷം നീളുന്ന ഒരു കോഴ്സിന് യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് മുപ്പത് ലക്ഷം രൂപ മുതല്‍ നാല്‍പ്പത് ലക്ഷം രൂപ വരെ ചെലവാകും. ഹെല്‍ത്ത് കെയര്‍ മേഖലയിലും മറ്റും ഇതിന്റെ പല മടങ്ങ് ശമ്പളം ഇങ്ങോട്ടു കിട്ടുമ്പോള്‍ യോഗ്യതയുള്ളവര്‍ അതിനു പോകുന്നത് സ്വാഭാവികം മാത്രമാണെന്നും വിലയിരുത്തപ്പെടുന്നു.
2022 ജൂണ്‍ വരെയുള്ള 12 മാസത്തിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് 1,17,965 സ്ററഡി വിസയാണ് യുകെ അനുവദിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്ക്. 2019ലെ 37,396 വിസയുമായി താരതമ്യം ചെയ്യുമ്പോള്‍ 215 ശതമാനമാണ് വര്‍ധന.