ദോഹ: ലോകകപ്പ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിന് എതിരാളികളായി വരുന്നത് ക്രൊയേഷ്യ. പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ക്രൊയേഷ്യ ജപ്പാനെ പെനല്‍റ്റി ഷൂട്ടൗട്ടിലും, ബ്രസീല്‍ ദക്ഷിണ കൊറിയയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കും പരാജയപ്പെടുത്തി. ഇതോടെ ഈ ലോകകപ്പിലെ ഏഷ്യന്‍ പ്രാതിനിധ്യം അവസാനിച്ചു.
ഇത്തവണത്തെ ലോകകപ്പില്‍ ആദ്യമായി പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ജപ്പാനെ ഒന്നിനെതിരേ മൂന്നു ഷോട്ടുകള്‍ക്കാണ് ക്രൊയേഷ്യ മറികടന്നത്. റെഗുലേഷന്‍ സമയത്തും എക്സ്ട്രാ ടൈമിലും കൂടുതല്‍ മികവ് കാണിച്ചത് ജപ്പാന്‍ ആയിരുന്നെങ്കിലും, മത്സരം 1~1 സമനിലയില്‍ തുടര്‍ന്നതോടെ ഷൂട്ടൗട്ട് അനിവാര്യമാകുകയായിരുന്നു. ആദ്യപകുതിയില്‍ ജപ്പാനായി ഡയ്സന്‍ മയേഡയും (43ാം മിനിറ്റ്) ക്രൊയേഷ്യയ്ക്കായി രണ്ടാം പകുതിയില്‍ ഇവാന്‍ പെരിസിച്ചും (55ാം മിനിറ്റ്) ഗോള്‍ നേടി.
ജപ്പാന്‍ താരങ്ങള്‍ക്കു മേല്‍ ക്രൊയേഷ്യക്കാര്‍ക്കുള്ള ഉയരത്തിന്റെ ആനുകൂല്യമാണ് പലപ്പോഴും മത്സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ ക്രൊയേഷ്യയെ സഹായിച്ചത്. പന്ത് ഹെഡ്ഡ് ചെയ്യുന്നതില്‍ ഒരിക്കലും ജപ്പാന്‍കാര്‍ക്ക് ക്രൊയേഷ്യക്കാരെ വെല്ലുവിളിക്കാനായില്ല.
ഷൂട്ടൗട്ടില്‍ ജപ്പാന്റെ മൂന്ന് ഷോട്ട് തടുത്തിട്ട ഗോള്‍ കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ചിന്റെ പ്രകടനം ഒന്നു മാത്രമാണ് ക്രൊയേഷ്യയ്ക്ക് രക്ഷയായത്. ജപ്പാനുവേണ്ടി ലക്ഷ്യം കണ്ടത് ടകുമ അസാനോ മാത്രം. എന്നാല്‍ ക്രൊയേഷ്യയ്ക്കായി കിക്കെടുത്ത നിക്കോള വ്ലാസിച്ച്, മാര്‍സലോ ബ്രോസോവിച്ച്, മാരിയോ പസാലിച്ച് എന്നിവര്‍ ലക്ഷ്യം കണ്ടു. മാര്‍ക്കോ ലിവായയുടെ ഷോട്ട് പോസ്ററില്‍ത്തട്ടി തെറിച്ചു.
അതേസമയം, ദക്ഷിണ കൊറിയയ്ക്കെതിരേ ബ്രസീലിന്റെ സമ്പൂര്‍ണ ആധിപത്യമാണ് കണ്ടത്. എട്ടാം മിനിറ്റില്‍ തന്നെ വിനീഷ്യസ് ജൂനിയറിലൂടെ അവര്‍ മുന്നിലെത്തി. പതിമൂന്നാം മിനിറ്റില്‍ ഇല്ലാത്ത ഫൗളിന് അനുവദിച്ച വല്ലാത്ത പെനല്‍റ്റിയില്‍ നെയ്മര്‍ ലീഡ് ഉയര്‍ത്തി. ഈ പെനല്‍റ്റി സമ്പാദിക്കാന്‍ വീണുരുണ്ട റിച്ചാര്‍ലിസണ്‍ 29ാം മിനിറ്റില്‍ ടീമിന്റെ മൂന്നാം ഗോളടിച്ച്. 36ാം മിനിറ്റില്‍ ലൂക്കാസ് പക്വേറ്റ നാലാം ഗോളും നേടിയതോടെ കൊറിയന്‍ വലയില്‍ കയറുന്ന ഗോളുകളുടെ എണ്ണം രണ്ടക്കം കടക്കുമെന്നു തന്നെ തോന്നിച്ചു.
എന്നാല്‍, രണ്ടാം പകുതിയില്‍ ബ്രസീലിന് ഗോളൊന്നും നേടാനായില്ലെന്നു മാത്രമല്ല, ഒരെണ്ണം വഴങ്ങുകയും ചെയ്തു. പയ്ക് സ്യൂങ് ഹോയാണ് 76ാം മിനിറ്റില്‍ ആശ്വാസ ഗോളിന് ഉടമയായത്.
വെള്ളിയാഴ്ചയാണ് ബ്രസീലും ക്രൊയേഷ്യയും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.