ന്യൂയോർക്ക് : പ്രശസ്തരുടെ അഭിഭാഷകൻ എന്ന നിലയിൽ അറിയപ്പെട്ട മൈക്കൽ അവെനാറ്റിക്കു കലിഫോണിയ കോടതി 14 വർഷം തടവ് ശിക്ഷ വിധിച്ചു. ഡൊണാൾഡ് ട്രംപിനെതിരെ പോൺ നടി സ്റ്റോമി ഡാനിയൽസ് കൊടുത്ത കേസിൽ അവർർക്കു വേണ്ടി ഹാജരായ അവെനാറ്റി (48) കായിക ഉത്പന്നങ്ങൾ നിർമിക്കുന്ന നൈക്കി കമ്പനിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു എന്ന കേസിലാണ് ശിക്ഷ.
കമ്പനിയെ നാണം കെടുത്തുന്ന രഹസ്യ വിവരങ്ങൾ കൈവശമുണ്ടെന്ന് അവകാശപ്പെട്ട അവെനാറ്റി, $15-25 മില്യൺ കൊടുത്തില്ലെങ്കിൽ അവ പുറത്താക്കുമെന്നു ഭീഷണി മുഴക്കി എന്നാണ് കേസ്. 2019 മാർച്ചിൽ നൈക്കിയുടെ അഭിഭാഷകനെ നേരിൽ കണ്ടാണ് അവനാറ്റി സംസാരിച്ചത്.
ആ സമയത്തു ലോസ് ആഞ്ജലസിൽ യൂത്ത് ബാസ്കറ്റ്ബോൾ ലീഗ് നടത്തുന്ന ഗാരി ഫ്രാങ്ക്ലിന്റെ വക്കീലായിരുന്നു അവനാറ്റി. ലോസ് ആഞ്ജലസിലെ യുവ കളിക്കാർക്കു നൈക്കി അനധികൃതമായി പണം കൊടുത്തു എന്ന വിവരം തന്റെ കൈയിലുണ്ടെന്നു അയാൾ അവകാശപ്പെട്ടു. അക്കാര്യം പുറത്തായാൽ നൈക്കിയുടെ കോടിക്കണക്കിനു ഡോളറിന്റെ ഓഹരികൾ തകരുമെന്ന് അയാൾ പറഞ്ഞു.
ആരോപണം ഉന്നയിക്കാൻ അവനാറ്റി പത്രസമ്മേളനം വിളിച്ചപ്പോഴേക്കു നൈക്കിയുടെ പരാതിയിൽ പൊലീസ് അയാളെ അറസ്റ്റ് ചെയ്തു. അയാൾക്കു 11 മില്ല്യൺ ഡോളറെങ്കിലും കടമുണ്ടെന്നു പ്രോസിക്യൂഷൻ കണ്ടെത്തി.
ജൂണിൽ കലിഫോണിയ കോടതിയിൽ അയാൾ കുറ്റം സമ്മതിച്ചു. ജയിൽ ശിക്ഷയ്ക്കു പുറമെ $10.8 മില്ല്യൺ നഷ്ടപരിഹാരം വഞ്ചിക്കപ്പെട്ട നാലു പേർക്കു അയാൾ നൽകേണ്ടതുമുണ്ട്.
ധൂർത്തടിച്ചു ജീവിക്കുന്ന അവനാറ്റി കക്ഷികളിൽ നിന്ന് ദശലക്ഷക്കണക്കിനു ഡോളർ അടിച്ചു മാറ്റിയെന്നു കലിഫോണിയ സെൻട്രൽ ഡിസ്‌ട്രിക്‌ട് യുഎസ് അറ്റോണി മാർട്ടിൻ എസ്ട്രാഡ പറഞ്ഞു. "അയാളുടെ ധൂർത്തിൽ സ്വകാര്യ ജെറ്റും റേസ് കാറുകളും ഉണ്ടായിരുന്നു. അഴിമതിക്കാരനായ അയാൾക്കു അർഹിക്കുന്ന ജയിൽ ശിക്ഷയാണ് ലഭിച്ചത്."
ഡി ഓ ജെ 31 തട്ടിപ്പു ആരോപണങ്ങൾ ഒഴിവാക്കിയിരുന്നു. അല്ലെങ്കിൽ അവനാറ്റിക്കു 83 വർഷം വരെ തടവ് ശിക്ഷ കിട്ടാമായിരുന്നു.