ജര്‍മന്‍ വിദേശകാര്യമന്ത്രിയുടെ ഇന്‍ഡ്യന്‍ സന്ദര്‍ശനം ചരിത്രമായി

author-image
athira kk
New Update

ബര്‍ലിന്‍: ജര്‍മ്മനിയുടെ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് ദ്വിദിന സന്ദര്‍ശനത്തിനായി ഡിസംബര്‍ 5 ന് ന്യൂഡല്‍ഹിയിലെത്തി കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചര്‍ച്ച നടത്തി, ഇരുവരും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയും ജര്‍മ്മനിയും കുടിയേറ്റവും മൊബിലിറ്റിയും സംബന്ധിച്ച കരാറുകളില്‍ ഒപ്പുവച്ചു.

Advertisment

publive-image

ഇരുരാജ്യങ്ങളും തമ്മില്‍ കുടിയേറ്റവും മൊബിലിറ്റിയും സംബന്ധിച്ച സമഗ്രമായ പങ്കാളിത്ത കരാറുകളിലാണ് ന്യൂഡല്‍ഹിയില്‍ തിങ്കളാഴ്ച ഒപ്പുവച്ചത്. ഉഭയകക്ഷി സഹകരണം, പ്രത്യേകിച്ച് ഊര്‍ജം, വ്യാപാരം, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളില്‍ ഊന്നല്‍ നല്‍കിക്കൊണ്ട് ഇരു മന്ത്രിമാരും വിപുലമായ ചര്‍ച്ചകളും നടത്തി.കൂടാതെ ജര്‍മനിയിലെ തൊഴില്‍ മേഖല പുഷ്ടിപ്പെടുത്തുന്നതിന് എല്ലാ മേഖലയിലേയ്ക്കും വിദഗ്ധര്‍ക്ക് വേഗത്തില്‍ വരുവാനുള്ള വിസാക്രമീകരണ നടപടികളും ലളിതമാക്കാനും തീരുമാനിച്ചു.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്‍ഡ്യയിലെത്തിയ മന്ത്രി ബെയര്‍ബോക്കിന്റെ ഡല്‍ഹിയിലെ മെട്രോ യാത്ര ചരിത്രമായി. മാണ്ഡി ഹൗസില്‍ നിന്ന് ചെങ്കോട്ടയിലേക്ക് കനത്ത സുരക്ഷയിലായിരുന്നു യാത്ര. സാധാരണ യാത്രക്കാര്‍ നിറഞ്ഞ കംപാര്‍ട്മെന്റിലായിരുന്നു മന്ത്രി അന്നലീനയും കയറിയത്. ട്രെയിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവര്‍ക്കും ചുറ്റും വളഞ്ഞ് സുരക്ഷയൊരുക്കിയിരുന്നു. നിരവധിപ്പേര്‍ ജര്‍മന്‍ വിദേശകാര്യമന്ത്രിയുടെ വിഡിയോയും ചിത്രവും പകര്‍ത്തി.

കൂടാതെ ചാന്ദ്നി ചൗക്കില്‍ "പര്‍ച്ചേസ് നടത്തിയതും തദ്ദേശിയര്‍ക്ക് ഏറെ കൗതുകമായി. പര്‍ച്ചേസ് നടത്തിയതില്‍ ദുപ്പട്ടയും ഉള്‍പ്പെടുന്നു.
സാധാരണക്കാരുമായി ഇടപഴകി അവരിലൊരാളായി മാറിയ അന്നലീനയെ ഡല്‍ഹിക്കാര്‍ പ്രശംസകൊണ്ടു മൂടി. ഡല്‍ഹിയിലെ പ്രശസ്ത ഗുരുദ്വാര സിസ് ഗന്‍ജ് സാഹിബിലെ അടുക്കളയില്‍ നില്‍ക്കുന്ന ചിത്രവും വൈറലായി.

Advertisment