ദോഹ: ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ എല്ലാ പ്രതീക്ഷകള്‍ക്കുമപ്പുറത്തെ പ്രകടനവുമായി കളം നിറഞ്ഞ് പോര്‍ച്ചുഗല്‍. സ്വിറ്റ്സര്‍ലന്‍ഡ് കീഴടങ്ങിയത് ഒന്നിനെതിരേ ആറു ഗോളുകള്‍ക്ക്. ഈ ടൂര്‍ണമെന്റിലെ ആദ്യ ഹാട്രിക്കും ഈ മത്സരത്തില്‍ പിറന്നു. അതും ക്രിസ്ററ്യാനോ റൊണാള്‍ഡോയ്ക്കു പകരം ആദ്യ ഇലവനില്‍ ഇടം നേടിയ ഇരുപത്തൊന്നുകാരന്‍ ഗോണ്‍സാലോ റാമോസിന്റെ ബൂട്ടില്‍ നിന്ന്.
17, 51, 67 മിനിറ്റുകളിലായിരുന്നു റാമോസിന്റെ ഗോളുകള്‍. പെപ്പെ (33), റാഫേല്‍ ഗ്വെറെയ്റോ (55), റാഫേല്‍ ലിയോ (92+2) എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്. അകാന്‍ജിയാണ് 58ാം മിനിറ്റില്‍ സ്വിറ്റ്സര്‍ലന്‍ഡിനായി ഒരു ഗോള്‍ മടക്കിയത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഒഴിവാക്കിയ പരീക്ഷണം പോര്‍ച്ചുഗീസ് ടീമിനെ ഈ ലോകകപ്പില്‍ ഇതുവരെ കാണാത്ത മികവിലേക്ക് ഉയര്‍ത്തുകയായിരുന്നു. നിരന്തരം ആക്രമിച്ചു കളിച്ച പറങ്കിപ്പട, യൂറോപ്പിലെ ലാറ്റിനമേരിക്ക എന്ന വിശേഷണം അന്വര്‍ഥമാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.
രണ്ടാം പകുതിയിലാണ് റാമോസിനു പകരം ക്രിസ്ററ്യാനോ കളിക്കാനിറങ്ങുന്നത്. ഒരു തവണ വല കുലുക്കാനും സൂപ്പര്‍ താരത്തിനായെങ്കിലും ലൈന്‍ റഫറി ഓഫ് സൈഡ് ഫ്ളാഗ് ഉയര്‍ത്തി.
ശനിയാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍.