ന്യൂയോർക്ക് : ഐഡഹോ യൂണിവേഴ്സിറ്റിയിലെ നാലു വിദ്യാർഥികളെ താമസസ്ഥലത്തു കയറി കൊലപ്പെടുത്തിയ ആളുടെ ഡി എൻ എ അവിടെ പതിഞ്ഞിട്ടുണ്ടാവാമെന്നു ഒരു കുറ്റാന്വേഷണ വിദഗ്ദൻ പറയുന്നു. എന്നാൽ നിരവധി ആളുകൾ കയറി ഇറങ്ങിയിരുന്ന കെട്ടിടത്തിൽ നിരവധി പേരുടെ ഡി എൻ എയിൽ നിന്നു കൊലയാളിയുടെയോ കൊലയാളികളുടെയോ ഡി എൻ എ വേർതിരിച്ചെടുക്കുക ബുദ്ധിമുട്ടാണെന്നു ന്യു യോർക്ക് പൊലീസിൽ നിന്നു വിരമിച്ച ജോസഫ് ഗിയാക്കലോൺ പറഞ്ഞു.
മോസ്കൊ നഗരത്തിൽ യൂണിവേഴ്സിറ്റിക്കടുത്തു വിദ്യാർഥികൾ താമസിച്ചിരുന്ന വാടക കെട്ടിടത്തിൽ നിരന്തരം ആഘോഷങ്ങൾ നടന്നിരുന്നു എന്ന് അയൽക്കാർ പൊലീസിനോടു പറഞ്ഞിരുന്നു. ഇപ്പോൾ കുറ്റാന്വേഷണം പഠിപ്പിക്കുന്ന ഗിയാക്കലോൺ പറയുന്നത് അത്രയേറെ ആളുകൾ കയറി ഇറങ്ങുന്ന കെട്ടിടത്തിൽ നിരവധി പേരുടെ ഡി എൻ എ പതിഞ്ഞു കാണും എന്നാണ്. മരിച്ചവരിൽ ചിലരുടെ ദേഹത്ത് ചെറുത്തു നിൽപ്പു മൂലം ഉണ്ടായ മുറിവുകളുണ്ട്. അവരുടെ കൈവിരലുകളിൽ പ്രതികളുടെ ഡി എൻ എ പതിഞ്ഞു കാണും.
അടുത്ത് നിന്നുള്ള ആക്രമണത്തിൽ ഇരകൾ മാന്തുകയും മറ്റും ചെയ്യും. അപ്പോൾ വിരലിലെ നഖങ്ങൾക്കിടയിൽ ഡി എൻ എ പതിയാനുള്ള സാധ്യത കൂടുതലാണ്. നവംബർ 13 അർധരാത്രി കഴിഞ്ഞു നടന്ന കൂട്ടക്കൊലയിലെ പ്രതിയെയോ പ്രതികളെയോ കുറിച്ച് പൊലിസിനു യാതൊരു സൂചനയും ലഭിച്ചിട്ടില്ല എന്ന ആക്ഷേപം നിലനിൽക്കെ മരിച്ച കയ്‌ലി ഗോൺസാൽവാസിന്റെ കുടുംബം കോടതിയിൽ പോകാനുള്ള നീക്കത്തിലാണ്. എന്നാൽ കേസ് തുമ്പില്ലാതെ അടഞ്ഞു പോയിട്ടില്ല എന്നാണ് മോസ്കൊ പൊലീസ് മേധാവി ജെയിംസ് ഫ്രൈ ആവർത്തിച്ചു പറയുന്നത്.