ജോർജിയയിൽ വാർനോക്ക് ജയിച്ചു; സെനറ്റിൽ  ഡെമോക്രാറ്റുകൾക്കു 51-49 ഭൂരിപക്ഷമായി

author-image
athira kk
New Update

ജോർജിയ: ജോർജിയയിൽ നിന്നു യുഎസ് സെനറ്റിലേക്കു ഡെമോക്രാറ്റിക് സ്ഥാനാർഥി റഫായേൽ വാർനോക് (53) തിരഞ്ഞെടുക്കപ്പെട്ടതോടെ പാർട്ടിക്കു 100 അംഗ ഉപരിസഭയിൽ 51 സീറ്റായി. രണ്ടു സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഡെമോക്രാറ്റുകൾക്കു പരസഹായം കൂടാതെ സെനറ്റിന്റെ എല്ലാ കമ്മിറ്റികളും കൈയ്യടക്കാം. പ്രസിഡന്റ് ജോ ബൈഡൻ നാമനിർദേശം ചെയ്യുന്നവർക്കു അംഗീകാരം ലഭിക്കാൻ അതു  സഹായിക്കും.
publive-image

Advertisment

ചൊവാഴ്ച നടന്ന രണ്ടാം വട്ട വോട്ടെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും അറിയപ്പെട്ട എൻ എൽ എഫ് താരവുമായ ഹെർഷെൽ വോക്കറെ (60) വാർനോക് തോല്പിച്ചത് 2.4% വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. വാർനോക് 51.2% നേടിയപ്പോൾ വോക്കർ 48.8% എത്തിയെന്നു 98% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ യുഎസ് മാധ്യമങ്ങൾ പറഞ്ഞു. 

അറ്റ്ലാന്റയിൽ എബനേസർ ബാപ്റ്റിസ്റ്റ് പള്ളിയുടെ സീനിയർ വികാരിയായ വാർനോക് സംസ്ഥാനത്തു നിന്ന് സെനറ്റിൽ എത്തുന്ന ആദ്യത്തെ കറുത്ത വർഗക്കാരനായത് 2021 ൽ ഒരു സ്പെഷ്യൽ എലെക്ഷനിൽ ആയിരുന്നു. റിപ്പബ്ലിക്കൻ സെനറ്റർ ജോണി ഇസാക്‌സൺ അനാരോഗ്യം മൂലം രാജി വച്ച ഒഴിവിൽ അദ്ദേഹം കഷ്ടിച്ച് രണ്ടു വർഷം പ്രവർത്തിച്ചു.  റിപ്പബ്ലിക്കൻ കെല്ലി ലോഫറെ അന്ന് തോൽപിച്ച വാർനോക് ഇക്കുറി ജയിക്കുമ്പോൾ ആറു വർഷത്തെ പൂർണ കാലാവധി ലഭിക്കും. 

"ആറു വർഷം കൂടി," ഫലങ്ങൾ പുറത്തു വന്നപ്പോൾ വാർനോക് പറഞ്ഞു. "ജനങ്ങൾ ശക്തമായ ഭാഷയിൽ ജനാധിപത്യ അവകാശം സ്ഥാപിച്ചു. 

എല്ലാ ജോർജിയക്കാർക്കും വേണ്ടി പ്രവർത്തിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. 

മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാർഥി ആയിരുന്നു വോക്കർ. ട്രംപിനു ഇടക്കാല തിരഞ്ഞെടുപ്പിൽ ഏറ്റ അടികളിൽ ഒന്നു കൂടിയായി ഇത്.

തിരഞ്ഞെടുപ്പിൽ 17 ലക്ഷം പേർ  നേരിട്ടു വോട്ടു  ചെയ്തെന്നു ജോർജിയ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ബ്രാഡ് റാഫെൻസ്‌പെർഗെർ പറഞ്ഞു.  175,500 പേർ തപാലിലും. 

ജനുവരി 3 നു പിരിയുന്ന സെനറ്റിൽ ഇപ്പോൾ 50-50 എന്നാണ് സീറ്റ് നില. വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ കാസ്റ്റിംഗ് വോട്ടിൽ ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷം ഉറപ്പിക്കാമെങ്കിലും പലപ്പോഴും ഒത്തുതീർപ്പുകൾക്കു വഴങ്ങേണ്ടി വന്നിരുന്നു. 

Advertisment