യുക്രൈൻ : റഷ്യയുടെ പ്രാകൃതമായ ആക്രമണങ്ങളെ ധീരമായി നേരിടുന്ന യുക്രൈൻ ജനതയുടെ നേതാവ് വോളോഡിമിർ സിലിൻസ്കിയെ 'ടൈം' മാഗസിൻ 2022 ലെ പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു. ഈ വർഷം ലോകത്തെ സംഭവവികാസങ്ങളെ ഏറ്റവും സ്വാധീനിച്ച വ്യക്തിക്കുള്ളതാണ് ഈ പുരസ്‌കാരം.
/sathyam/media/post_attachments/AZNcHxjd6hIRtboPYrOy.jpg)
ഫെബ്രുവരി 24 നു റഷ്യ ആക്രമണം ആരംഭിച്ചതോടെയാണ് മുൻ ഹാസ്യനടനും എഴുത്തുകാരനുമായ പ്രസിഡന്റ് ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായത്. പത്തു മാസം പിന്നിട്ട യുദ്ധത്തിൽ റഷ്യയ്ക്കു തിരിച്ചും അടിയേൽപിച്ച സിലിൻസ്കി തന്റെ കരുത്ത് തെളിയിച്ചു ആദരവും നേടി.
സിലിൻസ്കിയെ ആദരിച്ചു കൊണ്ട് 'ടൈം' പ്രത്യേക കവർ ചിത്രവും ഡിസൈൻ ചെയ്തു. അദ്ദേഹത്തിന്റെ അഭിമുഖവും ഉൾപ്പെടുത്തി. നവംബറിൽ റഷ്യ പിന്മാറിയ ഹെഴ്സൺ നഗരത്തിലേക്കുള്ള തീവണ്ടി യാത്രയിൽ ആയിരുന്നു ആ സംഭാഷണത്തിന്റെ നല്ലൊരു ഭാഗം. "ഒൻപതു മാസമായി അവർ അധിനിവേശത്തിൽ ആയിരുന്നു," അദ്ദേഹം പറഞ്ഞു. "വെളിച്ചമോ മറ്റു അവശ്യ സൗകര്യങ്ങളോ ഇല്ലാതെ. അവിടെ പോയി അവരെ നേരിൽ കണ്ടു യുക്രൈൻ ഉയിർത്തു എന്ന് ഉറപ്പു നൽകേണ്ടത് എന്റെ കടമയാണ്."
പഴയ സോവിയറ്റ് ഹാസ്യം ആയിരുന്നു ചെറുപ്പകാലത്തെ ഇഷ്ടം എന്ന് സിലിൻസ്കി പറഞ്ഞു. "എന്നാൽ ഇപ്പോൾ അവ കാണാൻ കഴിയില്ല, എന്റെ രോഷം തിളയ്ക്കും."
ഭാഗികമായി പിൻവലിയേണ്ടി വന്ന ശേഷം റഷ്യ അടുത്തുവരുന്ന തന്ത്രം യുക്രൈന്റെ അടിസ്ഥാന സൗകര്യങ്ങൾ അടിച്ചു തകർക്കുക എന്നതാണ്. വിമാനത്താവളങ്ങളിലും വൈദ്യുതി സ്റ്റേഷനുകളിലും ബോംബുകൾ വർഷിച്ചു. ശൈത്യകാലത്തു സംരക്ഷണം പോലുമില്ലാതെ യുക്രൈൻ ജനതയുടെ മനോവീര്യം തകർക്കുക എന്നതാണ് ലക്‌ഷ്യം.