ന്യു ജേഴ്‌സി: എല്ലാ വർഷവും ജനുവരിയിൽ മുസ്ലിം പാരമ്പര്യ മാസം ആചരിക്കാനുള്ള ന്യു ജേഴ്‌സി സെനറ്റിന്റെയും അസംബ്ളിയുടെയും നീക്കത്തെ സിവിൽ റൈറ്സ് സംഘടനകളുടെ കൂട്ടായ്മ പ്രശംസിച്ചു. അമേരിക്കൻ മുസ്ലിംകളെ കുറിച്ച് ശരിയായ ധാരണകളും ആദരവും സൃഷ്ടിക്കാനും അവരുടെ സംഭാവനകളെ ആദരിക്കാനും അതു സഹായിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ (ഐ എ എം സി) ന്യു ജേഴ്‌സി ചാപ്റ്റർ, കൗൺസിൽ ഓഫ് അമേരിക്കൻ ഇസ്ലാമിക്ക് റിലേഷൻസ് (സി എ ഐ ആർ), അമേരിക്കൻ മുസ്ലിംസ് ഫോർ ഡെമോക്രസി (എ എം ഡി), ഇസ്ലാമിക്ക് സർക്കിൾ ഓഫ് നോർത്ത് അമേരിക്ക കൗൺസിൽ (ഐ സി എൻ എ-സി എസ് ജെ) എന്നിവയുടെ നേതാക്കൾ അസംബ്‌ളി-സെനറ്റ് അംഗങ്ങളെ കണ്ടു.
ഐ എ എം സി ന്യൂ ജഴ്സി ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ് ജവാദ് പറഞ്ഞു: "മുസ്ലിം സമുദായത്തെ അംഗീകരിക്കാൻ നമ്മുടെ ജനപ്രതിനിധികൾ നടത്തുന്ന ശ്രമങ്ങളിൽ ഏറെ സന്തോഷമുണ്ട്. അമേരിക്കൻ സമൂഹത്തിന്റെ നിർണായക ഭാഗമായ മുസ്ലിങ്ങളെ മാറ്റി നിർത്താനുള്ള ഒരു പ്രവണതയുണ്ട്. എന്നാൽ ഈ അംഗീകാരം ന്യു ജേഴ്സിയിലെ എല്ലാ സമുദായങ്ങൾക്കും ഇടയിൽ ശക്തമായ സാമൂഹ്യ ബന്ധങ്ങൾ സൃഷ്ടിക്കും."
സി എ ഐ ആർ മാനേജർ മദിന പി. ഔഡ്രാഗോ പറഞ്ഞു: "പ്യു റിസർച് സെന്ററിന്റെ കണക്കനുസരിച്ചു
അമേരിക്കയിൽ ഏറ്റവുമധികം മുസ്ലിംകൾ ഉള്ളത് ന്യു ജേഴ്‌സിയിലാണ് -- 3%. ഈ നിയമത്തിലൂടെ ന്യു ജഴ്സി മുസ്ലിംങ്ങളെ ആദരിക്കുന്നതിൽ സന്തോഷമുണ്ട്."
ഐ സി എൻ എ-സി എസ് ജെയുടെ ഡയറക്‌ടർ ഡോക്ടർ ആത്തിഫ് നാസിർ പറഞ്ഞു: "ഈ നിയമം കൊണ്ടു വന്നു മുസ്ലിം സമുദായത്തെ ആദരിക്കൻ തീരുമാനിച്ച സെനറ്റിനോട് നന്ദിയുണ്ട്."
എ എം ഡിയുടെ സെക്രട്ടറി അയാസ് അസ്‌ലം പറഞ്ഞു: "രാജ്യമൊട്ടാകെ ഇസ്ലാം വിദ്വേഷം വ്യാപിക്കുമ്പോൾ ന്യു ജഴ്സിയിലെ മുസ്ലിങ്ങളുടെ സംഭാവന അംഗീകരിക്കുന്നതു പ്രധാനമാണ്."