ലോസ് ആഞ്ജലസ്: ലോസ് ആഞ്ജലസിൽ കഴിഞ്ഞ ആഴ്ച കോവിഡ് കേസുകളിൽ 75% വർധന ഉണ്ടായെന്നു അധികൃതർ വെളിപ്പെടുത്തി. കോവിഡ് കടന്നു പോയി എന്ന ചിന്താഗതി മാറ്റി വച്ചു മുൻകരുതൽ എടുക്കണമെന്നു പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ബാർബറ ഫെറർ നിർദേശിച്ചു.
ലോസ് ആഞ്ജലസ് കൗണ്ടിയിൽ കഴിഞ്ഞ തിങ്കളാഴ്ച മുതലുള്ള ഏഴു ദിവസങ്ങൾക്കിടയിൽ ദിവസേന ശരാശരി 3,721 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനു മുൻപുള്ള ആഴ്ചയിൽ 2,128 ആയിരുന്നു പ്രതിദിന ശരാശരി.
ഒഴിവുകാലത്തുണ്ടായ വർധനയാണ് ഇതെന്നു കരുതപ്പെടുന്നു. മരണസംഖ്യയും ഉയരുന്നുണ്ട്. കഴിഞ്ഞയാഴ്ച 76 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനു മുൻപുള്ള ആഴ്ചയിൽ 53 ആയിരുന്നു.
"നമ്മൾ മറ്റൊരു കോവിഡ് വർധന കാണുകയാണ്," ഫെറർ പറഞ്ഞു. ശൈത്യകാലത്തു അതിന്റെ ആഘാതം എങ്ങനെയാവും എന്ന് പറയാറായിട്ടില്ല. "പക്ഷെ കോവിഡ് കടന്നു പോയി എന്ന പൊതുവായ ചിന്താഗതി ശരിയല്ല.
"ആശുപത്രികളിൽ കോവിഡ് ബാധിച്ചു എത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. മുൻകരുതലുകൾ ഉപേക്ഷിക്കരുത്. മാസ്ക് ധരിക്കുക, വാക്‌സിനുകൾ എടുക്കുക, ശുചിത്വം പാലിക്കുക."
ഓസ്‌ട്രേലിയയിൽ നാലാം തരംഗം
മഹാമാരി അവസാനിച്ചിട്ടില്ല എന്ന അഭിപ്രായത്തിനു അടിവരയിട്ടു ഓസ്‌ട്രേലിയയിൽ കോവിഡ് നാലാം തരംഗം എത്തിയെന്നു ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.കോവിഡ് കേസുകൾ കുതിച്ചു കയറുമ്പോൾ 500,000 പേരെങ്കിലും രോഗബാധിതരായിട്ടുണ്ടെന്നു പകർച്ച വ്യാധി ചികിത്സാ വിദഗ്‌ധനായ ഓസ്‌ട്രേലിയൻ നാഷനൽ യൂണിവേഴ്സിറ്റിയിലെ പീറ്റർ കോളിനോൺ പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ കണക്കുകളിൽ പറയുന്നത് നവംബർ 29 വരെ ദിവസേന 14,000 ത്തിലേറെ ആളുകൾക്കു കോവിഡ് ബാധിച്ചിരുന്നു എന്നാണ്. പക്ഷെ യഥാർത്ഥ സംഖ്യ അതിലൊക്കെ മേലെയാണെന്നു കോളിനോൺ പറഞ്ഞു. "ബഹുഭൂരിപക്ഷവും വീണ്ടും രോഗം വരുന്നതാണ്. ഐ സി യുവിൽ എത്തുന്നവരുടെ കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ് എന്നു മാത്രം."
എന്നാൽ ആശുപത്രികൾ നിറയുന്നുണ്ടെന്നു ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ പറഞ്ഞു. ആശുപത്രി ജീവനക്കാർക്കും രോഗം ബാധിച്ചു തുടങ്ങി. രോഗികളുടെ എണ്ണം കൂടുകയും ജീവനക്കാരുടെ എണ്ണം കുറയുകയും ചെയ്തു. "പ്രശ്നങ്ങൾ അടുത്ത ആഴ്ചകളിൽ കൂടുതൽ ഗുരുതരമാവും," പ്രസിഡന്റ് സ്റ്റീവ് റോബ്‌സൺ പറഞ്ഞു.
ഒക്ടോബർ മധ്യത്തിൽ 10 ലക്ഷം പേരിൽ ആഴ്ചയിൽ ശരാശരി 170.3 പേർക്കു രോഗം ബാധിച്ചിരുന്നു. നവംബർ ഒടുവിൽ അത് 554.1 ആയി. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് നാലാം തരംഗം വ്യാപിക്കുന്നത്.