സിയാറ്റില്‍: ജംബോ ജെറ്റ് എന്ന ബോയിങ് 747 വിമാനത്തിന്റെ നിര്‍മാണം കമ്പനി അവസാനിപ്പിക്കുന്നു. ലോകപ്രശസ്ത വിമാന നിര്‍മാതാക്കളായ ബോയിങ്ങിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റായ വിമാനമായിരുന്നു ജംബോ ജെറ്റ്.
ആകാശ രാജ്ഞിയെന്നും തിമിംഗലമെന്നുമെല്ലാം ഇതിന് ഓമനപ്പേരും കിട്ടിയിരുന്നു. ബോയിങ് 747 എന്നാണ് ഔദ്യോഗിക പേര്. ഇക്കൂട്ടത്തിലെ അവസാന വിമാനം വാഷിങ്ടണില്‍ എവററ്റിലെ ഫാക്ടറിയില്‍ നിന്ന് പുറത്തിറങ്ങി. ചരക്കുവിമാന കമ്പനിയായ അറ്റ്ലസ് എയര്‍ ആണ് അവസാനമായി ബോയിങ് 747 ഓര്‍ഡര്‍ ചെയ്തത്. അറ്റ്ലസിനായി നിര്‍മിച്ച നാല് വിമാനങ്ങളില്‍ അവസാനത്തേതാണ് ഇപ്പോള്‍ പുറത്തിറക്കിയത്.
500 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന യാത്രാ വിമാനം എന്ന നിലയിലാണ് ജംബോ ജെറ്റിന്റെ പ്രാധാന്യം. ഇതു കൂടാതെ ചരക്കുവിമാനമായും ഉപയോഗിക്കുന്നു.
അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്സ് വണ്‍ ഇതേ ബോയിങ് 747 മോഡിഫൈ ചെയ്തെടുത്തതാണ്.
1969ലായിരുന്നു ജംബോ ജെറ്റിന്റെ ആദ്യ യാത്ര. അതിനു ശേഷം 1573 എണ്ണം കൂടി പുറത്തിറങ്ങി. ലോകത്തെ ഏറ്റവും വലിയ വാണിജ്യ വിമാനവും രണ്ട് ഇടനാഴികളുള്ള ആദ്യ വിമാനവുമായിരുന്നു ഇത്.
നാല് എന്‍ജിനുകളുള്ള ബോയിങ് 747ന് ഇന്ധനക്ഷമതയില്ലായ്മയാണ് പ്രധാനമായും തിരിച്ചടിയായത്. ഒന്നരപ്പതിറ്റാണ്ട് മുമ്പ് ബോയിങ്ങും എയര്‍ബസും രണ്ട് എന്‍ജിനുകളുള്ള വൈഡ് ബോഡി ജെറ്റുകള്‍ വിപണിയിലെത്തിച്ചതോടെ ഇതിനു ഡിമാന്‍ഡ് കുറയുകയായിരുന്നു. ഇതാണ് ഇപ്പോള്‍ ഉത്പാദനം നിര്‍ത്താന്‍ കാരണം. അമേരിക്കന്‍ കമ്പനിയായ ഡെല്‍റ്റയാണ് ബോയിങ് 747 യാത്രാവിമാനമായി അവസാനമായി ഉപയോഗിച്ചത്. അവരും 2017ല്‍ ഈ വിമാനത്തിന്റെ സര്‍വീസ് അവസാനിപ്പിച്ചു. ജര്‍മനിയിലെ ലുഫ്താന്‍സ അടക്കം ചില അന്താരാഷ്ട്ര കമ്പനികള്‍ ഇപ്പോഴും ഉപയോഗിച്ചുവരുന്നു.