ന്യൂയോർക്ക് : ന്യു യോർക്കിൽ നിന്നുള്ള ഡെമോക്രാറ്റിക് യുഎസ് ഹൗസ് അംഗം അലക്സാൻഡ്രിയാ ഓകാഷ്യോ-കോർട്ടസിനെതിരെ (എ ഓ സി) ഹൗസിന്റെ എത്തിക്‌സ് കമ്മിറ്റി അന്വേഷണം നടത്തുന്നു. ഒരു പരാതിയിന്മേലാണ് അന്വേഷണം എന്നറിയിച്ച കമ്മിറ്റി പക്ഷെ അതെന്താണെന്നു വിശദീകരിച്ചില്ല.
ജൂൺ 23നു കോൺഗ്രസ് എത്തിക്സ് കമ്മിറ്റി ഓഫീസിൽ നിന്ന് അയച്ചതാണ് പരാതിയെന്നു അറിയിപ്പിൽ പറയുന്നു. 2021 ൽ നടന്ന മെറ്റ് ഗാലയിൽ പങ്കെടുത്തതിന്റെ പേരിൽ അമേരിക്കൻ അക്കൗണ്ടബിലിറ്റി ഫൌണ്ടേഷൻ എന്ന യാഥാസ്ഥിതിക സംഘടന നൽകിയ പരാതിയാണ് വിഷയമെന്നു കരുതപ്പെടുന്നു. ആളൊന്നുക്ക് $35,000 വച്ച് പിരിവെടുത്തു നടത്തിയ ഗാലയിൽ 'സമ്പന്നരുടെ മേൽ നികുതി ചുമത്തുക' എന്ന എഴുത്തുള്ള വസ്ത്രം അവർ ധരിച്ചുവെന്നു റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ എ ഓ സിക്കു പ്രവേശനം സൗജന്യമായിരുന്നു.
വസ്ത്രം എ ഓ സി തിരിച്ചു കൊടുത്തുവെന്നു അവരുടെ വക്താവ് ലോറെൻ ഹിറ്റ് പറഞ്ഞു. "കോൺഗ്രസ് അംഗം ആരോടും സംഭാവനകൾ സ്വീകരിക്കാറില്ല. ഈ പരാതി പുല്ലു പോലെ തള്ളുമെന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്."
പെൻസിൽവേനിയയിൽ നിന്നുള്ള റെപ്. സൂസൻ വൈൽഡ് ആണ് സമിതിയുടെ ഇപ്പോഴത്തെ അധ്യക്ഷ. എന്നാൽ ജനുവരി 3 നു നിലവിലുള്ള ഹൗസിന്റെ കാലാവധി കഴിയും മുൻപ് അന്വേഷണം പൂർത്തിയായില്ലെങ്കിൽ സമിതി റിപ്പബ്ലിക്കൻ കൈകളിലേക്കു മാറും.
നോർത്ത് കരളിന റിപ്പബ്ലിക്കൻ റെപ്. മാഡിസൺ കൗതോൺ എത്തിക്‌സ് നിയമങ്ങൾ ലംഘിച്ചെന്നു കഴിഞ്ഞ ദിവസം കമ്മിറ്റി കണ്ടെത്തിയിരുന്നു. ക്രിപ്റ്റോകറൻസിക്കു പിന്തുണ നൽകിയതാണ് കുറ്റം.