ന്യു യോർക്ക് : ന്യു യോർക്ക് നഗരത്തിൽ കൈത്തോക്കുകൾക്കു ഏർപ്പെടുത്തിയ നിയന്ത്രണം തുടർന്നും നടപ്പാക്കാൻ കോടതി അനുമതി നൽകി. ടൈംസ് സ്‌ക്വയർ പോലുള്ള ഇടങ്ങളിൽ കൈത്തോക്കുകൾ കൊണ്ടു നടക്കാൻ പാടില്ലെന്ന നിരോധനം തടയുന്ന സിറാക്യൂസ് ഫെഡറൽ ജഡ്‌ജ് ഗ്ലെൻ സുദാബിയുടെ ഉത്തരവ് തള്ളിക്കൊണ്ട് സെക്കൻഡ് കോർട്ട് ഓഫ് അപ്പീൽസ് ആണ് ബുധനാഴ്ച ഈ അനുമതി നൽകിയത്.
ജനുവരി 9 വരെ താത്കാലിക അനുമതിയാണ് നൽകിയത്. അന്ന് അപ്പീലിൽ വിശദ വാദം കേൾക്കും. ആരാധനാലയങ്ങൾ, വിമാനത്താവളങ്ങൾ, സ്വകാര്യ ബസുകൾ ഇവയിൽ സുരക്ഷാ ചുമതല ഉള്ളവർക്കു പക്ഷെ തോക്കു കൊണ്ടു നടക്കാം.
രഹസ്യമായി കൊണ്ടു നടക്കാൻ കഴിയുന്ന കൈത്തോക്കുകൾക്കാണ് സെപ്റ്റംബറിൽ ന്യു യോർക്ക് നിരോധനം കൊണ്ടുവന്നത്. 1913 ൽ നടപ്പാക്കിയ നിയന്ത്രണം അനുസരിച്ചു ന്യായമായ കാരണം ഉണ്ടെന്നു തെളിയിച്ചാൽ കൈത്തോക്കുകൾ കൊണ്ടു നടക്കാമായിരുന്നു. ജൂണിൽ ആ നിയമം അസാധുവാക്കിയ സുപ്രീം കോടതി പറഞ്ഞത് എല്ലാ പൗരന്മാർക്കും വീടിനു പുറത്തും തോക്ക് കൈവശം വയ്ക്കാൻ അവകാശമുണ്ട് എന്നാണ്.
സെപ്റ്റംബറിൽ കൊണ്ടു വന്ന നിയമം പക്ഷെ ആ സൗകര്യവും ഇല്ലാതാക്കി. ഒക്ടോബറിൽ ജഡ്‌ജ് ഗ്ലെൻ സുദാബി പറഞ്ഞത് ഏതെങ്കിലും പ്രത്യേക സ്ഥലങ്ങളിൽ തോക്കു നിരോധിക്കുന്നത് നിയമവിരുദ്ധമാണ് എന്നാണ്.