വാഷിങ്ടന്‍: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികളെ ജോലിക്കെടുക്കുന്നതിന് ഗ്രീന്‍ കാര്‍ഡ് നല്‍കാന്‍ രാജ്യം തിരിച്ച് ക്വോട്ട ഏര്‍പ്പെടുത്തുന്ന സമ്പ്രദായം യുഎസ് അവസാനിപ്പിക്കുന്നു.
ഇതു സംബന്ധിച്ച ബില്‍ തയാറായിക്കഴിഞ്ഞു. വൈറ്റ് ഹൗസിന്റെ അംഗീകാരവും ലഭിച്ചു. ജനപ്രതിനിധി സഭ ഈയാഴ്ച വോട്ടിനിടുന്ന ഈക്വല്‍ ആക്സസ് ടു ഗ്രീന്‍ കാര്‍ഡ് ഫോര്‍ ലീഗല്‍ എംപ്ളോയ്മെന്റ് (ഈഗിള്‍) ആക്ട് പാസ്സായാല്‍ ഓരോ വര്‍ഷവും അനുവദിക്കുന്ന ഗ്രീന്‍ കാര്‍ഡുകള്‍ക്ക് രാജ്യം തിരിച്ചുള്ള ക്വോട്ട ഇല്ലാതാകും.
യോഗ്യത മാത്രമായിരിക്കും മേലില്‍ ഇതിനുള്ള മാനദണ്ഡം. ഒരു രാജ്യവും തഴയപ്പെടാതിരിക്കാന്‍ 9 വര്‍ഷം കൊണ്ട് ഘട്ടംഘട്ടമായി നടപ്പാക്കാനാണ് നീക്കം. ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ഇത് ഗുണകരമാകുമെന്ന് പ്രതീക്ഷയുണ്ട്. എന്നാല്‍, വിവേചനം ശക്തമാകാന്‍ ഇതു കാരണമാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.