ജനീവ : ലോകത്തിന്റെ രോഗപ്രതിരോധ സംരക്ഷണത്തെയാകെ തകര്‍ക്കുന്നതാകുമോ ബി ക്യു 1എന്ന പുതിയ കോവിഡ് വേരിയന്റെന്ന ആശങ്ക പങ്കുവെച്ച് ലോകാരോഗ്യ സംഘടന.എന്നിരുന്നാലും നിലവില്‍ ആശങ്കയുടെ കാര്യമില്ലെന്നും ലോകാരോഗ്യ സംഘടനയുടെ പ്രത്യേക ദൂതന്‍ ഡോ.ഡേവിഡ് നബാരോ വ്യക്തമാക്കി.രോഗബാധിതരുടെ എണ്ണം കൂടിയാല്‍ ഫേയ്സ് മാസ്‌കും ശാരീരിക അകലം പാലിക്കലും തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുന്നതുമൊക്കെ പരിഗണിക്കേണ്ടി വരും.
കോവിഡിന് അതിവേഗത്തിലാണ് പുതിയ വകഭേദങ്ങള്‍ രൂപപ്പെടുന്നതെന്ന് ഡോ.ഡേവിഡ് നബാരോ പറഞ്ഞു.’ബി ക്യു ഒന്ന് കൂടുതല്‍ വളരെ വേഗത്തിലാണ് സഞ്ചരിക്കുന്നത്. എന്നിരുന്നാലും രോഗം കൂടുതല്‍ ഗുരുതരമാകുമെന്ന് കരുതുന്നില്ല.ഒക്ടോബര്‍ അവസാനം മുതല്‍ 65 രാജ്യങ്ങളില്‍ ഈ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എണ്ണം വര്‍ധിക്കുകയാണ്.അപകടകാരിയായ വൈറസ് ഇനിയും അവസാനിച്ചിട്ടില്ല.എന്നിരുന്നാലും, ലോകാരോഗ്യ സംഘടന ഈവേരിയന്റിനെ ആശങ്കയുടെ വകഭേദത്തിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.മനുഷ്യര്‍ ഇരയാകുന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു വേരിയന്റ് പ്രശ്‌നമുണ്ടാക്കുമോ എന്ന് നിര്‍ണ്ണയിക്കുന്നത്.
പ്രതിരോധ കുത്തിവയ്പ്പ് എടുത്തവര്‍ക്കും മുമ്പ് അസുഖം ബാധിച്ചവര്‍ക്കും വീണ്ടും രോഗം ബാധിക്കുന്നത് ഗൗരവമുള്ളതാണ്.രോഗപ്രതിരോധ സംരക്ഷണത്തെ തകര്‍ക്കാന്‍ ആ വേരിയന്റിന് കഴിയുന്നുവെന്നാണ് ഇത് അര്‍ഥമാക്കുന്നത്.ഇത്തരം വൈറസുകള്‍ നമ്മെ ചുറ്റി സഞ്ചരിക്കുന്നിടത്തോളം അപകടമുണ്ട് എന്നതാണ് യാഥാര്‍ഥ്യമെന്ന് ഡോ. നബാരോ പറഞ്ഞു.
കോവിഡിലല്ല, ലോംഗ് കോവിഡിലാണ് ലോകാരോഗ്യ സംഘടന ഇപ്പോള്‍ ശ്രദ്ധയൂന്നുന്നത്.ഏതാണ്ട് 20 പേരില്‍ ഒരാള്‍ക്ക് ലോംഗ് കോവിഡ് ഉണ്ടെന്നാണ് കരുതുന്നത്. അതില്‍ ചെറുപ്പക്കാരും കുട്ടികളുമുണ്ട്.അതിനാലാണ് കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആളുകളെ ഉപദേശിക്കുന്നതെന്നും നബാരോ പറഞ്ഞു.