ദോഹ: പെനല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രസീലിനെ തോല്‍പ്പിച്ച ക്രൊയേഷ്യ ലോകകപ്പ് ഫുട്ബോളിന്റെ സെമി ഫൈനലില്‍ ഇടം പിടിച്ചു. റെഗുലര്‍ സമയം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ച മത്സരത്തിന്റെ എക്സ്ട്രാ ടൈമില്‍ ഇരു ടീമുകളും ഓരോ ഗോളടിച്ചു. ഷൂട്ടൗട്ടില്‍ 4~2ന് ക്രൊയേഷ്യ മുന്നേറുകയും ചെയ്തു. ക്രൊയേഷ്യന്‍ ഗോളി ഡൊമിനിക് ലിവാകോവിച്ചിന്റെ പ്രകടനം സാധാരണ സമയത്തും ഷൂട്ടൗട്ടിലും ടീമിനു തുണയായി.
നിക്കോളാ വ്ലാസിച്ച്, ലോവ്റോ മയര്‍, ലൂക്കാ മോഡ്രിച്ച്, മിസ്ലാവ് ഓര്‍സിച്ച് എന്നിവരാണ് ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയ്ക്കു വേണ്ടി ലക്ഷ്യം നേടിയത്. ബ്രസീലിനായി കാസമിറോയും പെഡ്രോയും വല ചലിപ്പിച്ചു. എന്നാല്‍ ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് ലിവാക്കോവിച്ച് തടുത്തു. നാലാം കിക്കെടുത്ത മാര്‍ക്വീഞ്ഞോസിന്റെ ഷോട്ട് പോസ്ററില്‍ത്തട്ടി തെറിക്കുകയും ചെയ്തു.
എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍ നെയ്മറുടെ സോളോ ഗോള്‍ ബ്രസീലിനെ ജയിപ്പിച്ചെന്നു തോന്നിയിടത്തു നിന്നാണ് മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ ബ്രൂണോ പെറ്റ്കോവിച്ചിലൂടെ ക്രൊയേഷ്യ സമനില പിടിക്കുന്നത്.
രണ്ടാം പകുതിയില്‍ വിനീഷ്യസ് ജൂനിയറിനെയും റിച്ചാര്‍ലിസനെയും പിന്‍വലിച്ച് ബ്രസീല്‍ കോച്ച് ടിറ്റെ നടത്തിയ പരീക്ഷണം ഫലം കണ്ടില്ല.
നിലവിലുള്ള റണ്ണറപ്പുകളായ ക്രൊയേഷ്യ ഇതു രണ്ടാം തവണയാണ് ക്രൊയേഷ്യ ലോകകപ്പിന്റെ സെമി ഫൈനലില്‍ എത്തുന്നത്. 2018ല്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും ഷൂട്ടൗട്ടിലൂടെയാണ് ക്രൊയേഷ്യ സെമിയില്‍ പ്രവേശിച്ചത്. അര്‍ജന്റീനയാണ് ഇത്തവണ സെമി ഫൈനലിലെ എതിരാളികള്‍.