ദോഹ: അത്യന്തം ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ പരാജയപ്പെടുത്തി അര്‍ജന്റീന ലോകകപ്പിന്റെ സൈമി ഫൈനലില്‍ പ്രവേശിച്ചു. അവിടെ കാത്തിരിക്കുന്നത് ക്രൊയേഷ്യ. മത്സരം 13ന്.
നിശ്ചിത സമയത്തും അധികസമയത്തും 2~2 സമനില പാലിച്ച അര്‍ജന്റീനയും നെതര്‍ലന്‍ഡ്സും ഷൂട്ടൗട്ടിലാണ് ഫലം നിര്‍ണയിച്ചത്. അവിടെ അര്‍ജന്റീന നാല് കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ നെതര്‍ലന്‍ഡ്സിന്റെ രണ്ട് കിക്കുകള്‍ അര്‍ജനൈ്റന്‍ ഗോളി എമിലിയാനോ മാര്‍ട്ടിനസ് തടുത്തിട്ടു.
ലയണല്‍ മെസ്സി, ലിയാന്‍ഡ്രോ പരേദസ്, ഗോണ്‍സാലോ മോണ്ടിയെല്‍, ലൗട്ടാരോ മാര്‍ട്ടിനസ് എന്നിവര്‍ അര്‍ജന്റീനയ്ക്കായി ലക്ഷ്യം കണ്ടു. എന്‍സോ ഫെര്‍ണാണ്ടസിന്റെ കിക്ക് പുറത്തുപോയി.
നെതര്‍ലന്‍ഡ്സിനായി കൂപ്മെയ്നേഴ്സ്, വൗട്ട് വെഗ്ഹോസ്ററ്, ലൂക് ഡി ജോങ് എന്നിവര്‍ എടുത്ത കിക്കുകള്‍ വലയില്‍ കയറി. എന്നാല്‍, ക്യാപ്റ്റന്‍ വിര്‍ജിന്‍ വാന്‍ ദെയ്ക് എടുത്ത ആദ്യ കിക്കും സ്ററീവന്‍ ബെര്‍ഗ്യൂസ് എടുത്ത രണ്ടാം കിക്കും എമി തടുത്തിട്ടതോടെ ഡച്ച് പട കടുത്ത സമ്മര്‍ദത്തിലായിരുന്നു.
ഇരു ടീമുകളുടെ മുന്നേറ്റത്തിലും പ്രതിരോധത്തിലും മുതല്‍ ഫൗളുകളിലും മഞ്ഞക്കാര്‍ഡുകളിലും വരെ ഒപ്പത്തിനൊപ്പം നിന്ന മത്സരം ഈ ലോകകപ്പിലെ തന്നെ ഏറ്റവും ആവേശകരമായ ഫുട്ബോള്‍ അനുഭവമായി മാറി. തുടക്കം മുതല്‍ പ്രതിരോധം വിള്ളല്‍ വീഴാതെ രണ്ടു ടീമുകളും സൂക്ഷിച്ചിരുന്നു. ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി അര്‍ജന്റീന ഇടവേളകളില്‍ മുന്നേറ്റം നടത്തിയെങ്കിലും ഗോള്‍ നേടാനായില്ല.
35ാം മിനിറ്റില്‍ സൂപ്പര്‍താരം ലയണല്‍ മെസി ബോക്സിനുള്ളിലേക്ക് നല്‍കിയ പാസില്‍ പ്രതിരോധ ഭടന്‍ നഹുവേല്‍ മൊളീനയാണ് അര്‍ജന്റീനയ്ക്കായി ആദ്യ ഗോള്‍ നേടിയത്. 73ാം മിനിറ്റില്‍ മറ്റൊരു പ്രതിരോധ താരം മാര്‍ക്കോസ് അക്യൂനയെ ഡെന്‍സല്‍ ഡംഫ്രിസ് വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. ഇത് മെസി ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. സെന്‍ട്രല്‍ ഡിഫന്‍സ് ശക്തിപ്പെടുത്തി, മറ്റു രണ്ടു ഡിഫന്‍ഡര്‍മാരെ ഉപയോഗിച്ച് വിങ്ങുകളിലൂടെ ആക്രമിക്കാനുള്ള കോച്ച് ലയണല്‍ സ്കലോണിയുടെ തന്ത്രമാണ് ഈ രണ്ടു ഗോളുകളിലും കലാശിച്ത്.
എന്നാല്‍, 83ാം മിനിറ്റില്‍ പകരക്കാരനായി എത്തിയ വൗട്ട് വെര്‍ഗ്ഹോസ്ററ് നെതെര്‍ലന്‍ഡ്സിനായി ഒരു ഗോള്‍ മടക്കിയതോടെ കളി കൂടുതല്‍ ആവശേത്തിലായി. കളിക്കാര്‍ തമ്മിലുള്ള കൈയാങ്കളിയായി ഇടയ്ക്കതു മാറി. അര്‍ജന്റീന വിജയമുറപ്പിച്ച നിമിഷത്തിലായിരുന്നു നെതെര്‍ലാന്‍ഡ്സിന്റെ രണ്ടാം ഗോള്‍. 90 മിനിറ്റ് പൂര്‍ത്തിയായ ശേഷം നല്‍കിയ പത്ത് മിനിറ്റ് സ്റേറാപ്പേജ് ടൈമിന്റെ അവസാന മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്കാണ് സമനില ഗോളിനു വഴി തെളിച്ചത്. കൂപ്മെയ്നേഴ്സ് പ്രതിരോധ മതിലിനിടയിലേക്കാണ് ഫ്രീ കിക്ക് എടുത്തത്. പോസ്ററിലേക്ക് ഉയര്‍ത്തി അടിക്കുമെന്ന് പ്രതീക്ഷിച്ച അര്‍ജന്റീനയുടെ പ്രതിരോധ നിര ഉയര്‍ന്ന് ചാടി. പക്ഷേ, ഗ്രൗണ്ട് ലെവലില്‍ പന്ത് സ്വീകരിച്ച വെഗ്ഹോസ്ററ് അര്‍ജനൈ്റന്‍ പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു.