ഡബ്ലിന്‍ : അയര്‍ലണ്ടില്‍ കൊടുംതണുപ്പും സ്നോയും ജന ജീവിതത്തെ ബാധിച്ചു തുടങ്ങി. ഡബ്ലിന്‍ വിമാനത്താവളം തണുത്തുറഞ്ഞതിനെ തുടര്‍ന്ന് 143 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി.ഇന്നും കൂടുതല്‍ സര്‍വ്വീസുകള്‍ മുടങ്ങുമെന്നാണ് സൂചന.
ആയിരക്കണക്കിനാളുകളുടെ യാത്രകളാണ് മുടങ്ങിയത്. നൂറുകണക്കിന് യാത്രികര്‍ക്ക് വിമാനത്താവളത്തില്‍ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പും വേണ്ടിവന്നു.മഞ്ഞിലുറഞ്ഞ വിമാനങ്ങളെ ഡി ഫോസ്റ്റ് ചെയ്യാന്‍ കമ്പനികള്‍ പാടുപെട്ടു. പലര്‍ക്കും സമയത്ത് വിമാനങ്ങളിലെ ഐസ് നീക്കുന്നതിന് കഴിഞ്ഞില്ല. ഇതോടെയാണ് ഫ്ളൈറ്റുകള്‍ റദ്ദാക്കേണ്ടി വന്നതെന്ന് എയര്‍പോര്‍ട്ട് അറിയിച്ചു. അതിന്റെ ഉത്തരവാദിത്തം എയര്‍ലൈനുകള്‍ക്കാണെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.
വെള്ളിയാഴ്ചത്തെ 69 വിമാനങ്ങളും 74 ഇന്‍ബൗണ്ട് ഫ്ളൈറ്റുകളുമാണ് റദ്ദാക്കിയതെന്ന് ഡി എ എ സ്ഥിരീകരിച്ചു.ശനിയാഴ്ച ഷെഡ്യൂള്‍ ചെയ്ത ഡസനിലേറെ ഫ്‌ളൈറ്റുകളും റദ്ദാക്കിയിട്ടുണ്ട്.
വാരാന്ത്യത്തില്‍ യാത്ര ചെയ്യേണ്ടവര്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേക്ക് എത്തുന്നതിന് മുമ്പ് എയര്‍ലൈനുമായി ചെക്ക് ഇന്‍ ചെയ്യണമെന്ന് എയര്‍പോര്‍ട്ട് നിര്‍ദ്ദേശിച്ചു.വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം യാത്രക്കാര്‍ നേരിട്ട ബുദ്ധിമുട്ടുകളില്‍ എയര്‍പോര്‍ട്ട് ക്ഷമാപണം നടത്തി. കാലാവസ്ഥയുമായി ബന്ധപ്പെട്ട നിയന്ത്രണത്തിന് അതീതമായ പ്രശ്നങ്ങളാണ് കാലതാമസത്തിന് കാരണമായതെന്നും അധികൃതര്‍ വിശദീകരിച്ചു.
വ്യാഴാഴ്ച രാത്രി വിമാനത്താവളത്തില്‍ താപനില -3സിയിലെത്തിയിരുന്നു. കനത്ത മഞ്ഞുവീഴ്ചയുമുണ്ടായി.വെള്ളിയാഴ്ച രാജ്യത്താകെ സ്നോയ്ക്ക് സാധ്യതയുണ്ടെന്ന് മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശനിയാഴ്ച ഉച്ചവരെ ഇത് തുടരുമെന്നാണ് പ്രവചനം.
ഡബ്ലിന്‍ എയര്‍പോര്‍ട്ട്, ഫീനിക്സ് പാര്‍ക്ക് എന്നിവിടങ്ങളില്‍ 0.4 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.കോര്‍ക്കിലെ ഷെര്‍ക്കിന്‍ ഐലന്റിലാണ് ഏറ്റവും കൂടിയ 7.2 സി. താപനില രേഖപ്പെടുത്തിയത്.
അയര്‍ലണ്ട് ശരിക്കും കൊടും തണുപ്പിന്റെ പിടിയിലായെന്നും സാഹചര്യങ്ങള്‍ കൂടുതല്‍ അപകടകരമായേക്കാമെന്നും മെറ്റ് ഏറാന്‍ പറഞ്ഞു.പൂജ്യത്തിന് താഴെയുള്ള നിരവധി ദിനരാത്രങ്ങളാണ് അയര്‍ലണ്ടിനെ കാത്തിരിക്കുന്നത്. തീരദേശ ജില്ലകളില്‍ ആലിപ്പഴം, മഞ്ഞ്, സ്നോ എന്നിവയ്ക്കും സാധ്യതയുണ്ട്.
അയര്‍ലണ്ടില്‍ കൊടും തണുപ്പും കനത്ത മഞ്ഞും ഒരാഴ്ച വരെ തുടരുമെന്ന് മെറ്റ് ഏറാന്‍
ഡബ്ലിന്‍ : അയര്‍ലണ്ടിലെ കൊടും തണുപ്പും കനത്ത മഞ്ഞും ഒരാഴ്ച വരെ തുടരുമെന്ന് മെറ്റ് ഏറാന്‍ പറഞ്ഞു.തണുത്ത കാലാവസ്ഥ അടുത്ത ആഴ്ച മുഴുവന്‍ നിലനില്‍ക്കുമെന്ന് സീനിയര്‍ കാലാവസ്ഥാ നിരീക്ഷകന്‍ ജെറി മര്‍ഫി പറഞ്ഞു.തണുപ്പിന്റെ തുടക്കം മാത്രമാണിത്.മരവിപ്പിക്കുന്ന മൂടല്‍മഞ്ഞ്, കഠിനമായ മഞ്ഞ്, സ്‌നോ എന്നിവയ്‌ക്കൊപ്പം ചില സമയത്ത് ശീതകാല മഴയും പ്രതീക്ഷിക്കാം.
മഞ്ഞ് അടിഞ്ഞുകൂടുന്നതിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ ഭൂരിപക്ഷം കൗണ്ടികളിലും ഇതായിരിക്കും കാലാവസ്ഥയെന്നും ഇദ്ദേഹം പറഞ്ഞു.മഞ്ഞുവീഴ്ചയും മഴയും മൂടല്‍മഞ്ഞുമെല്ലാം യാത്രകളെ തടസ്സപ്പെടുത്തുന്നതിനും സാധ്യതയുണ്ട്.
റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലെ എല്ലാ കൗണ്ടികളും യെല്ലോ അലേര്‍ട്ടിലാണ്. ഈ കൗണ്ടികളില്‍ ഇന്ന് ഉച്ചവരെ ഐസിനുള്ള യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്.ഡോണഗേലിന് പ്രത്യേകമായി യെല്ലോ മുന്നറിയിപ്പ് ബാധകമാക്കിയിട്ടുണ്ട്. അത് ഇന്ന് ഉച്ചവരെയാണ് ബാധകമാവുക.