ഡബ്ലിന്‍ : അയര്‍ലണ്ടിലേയ്ക്ക് വന്‍ തോതില്‍ നഴ്സുമാരെയും മിഡൈ്വഫുമാരെയും നിയമിക്കുന്നതിന് വിപുലമായ റിക്രൂട്ട്‌മെന്റ് കാമ്പെയ്ന്‍ ആരംഭിക്കാന്‍ എച്ച് എസ് ഇ തയ്യാറെടുക്കുന്നു. പരിശീലനം നേടിയ ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് സംവിധാനത്തെയാകെ ബാധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരെ കൊണ്ടുവരുന്നത്.ഇക്കാര്യത്തില്‍ സഹായിക്കുന്നതിന് എക്‌സിക്യൂട്ടീവ് കമ്പനിയെ തേടുകയാണ് എച്ച് എസ് ഇയെന്നും റിപ്പോര്‍ട്ടുണ്ട്.
വിദേശത്ത് നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരെ വളരെയധികം ആശ്രയിക്കുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴും ആവശ്യത്തിന് ജീവനക്കാരില്ലെന്നതാണ് രാജ്യത്തെ സ്ഥിതി. ഇക്കാര്യം തുറന്നു സമ്മതിച്ചുകൊണ്ടാണ് എച്ച് എസ് ഇയുടെ റിക്രൂട്ട്മെന്റ് നീക്കം.യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തും നിന്നും ആഗോള തലത്തിലുമെല്ലാം റിക്രൂട്ടമെന്റ് നടത്തണമെന്നാണ് എച്ച് എസ് ഇയുടെ നിലപാട്
നഴ്സിംഗ് ആന്‍ഡ് മിഡൈ്വഫറി ബോര്‍ഡിന്റെ (എന്‍ എം ബി ഐ) കണക്കനുസരിച്ച് രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്നവരില്‍ ഭൂരിപക്ഷവും ഇയുവിന് പുറത്ത് നിന്നുള്ളവരാണെന്ന് തെളിഞ്ഞിരുന്നു.കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള 2,364 നഴ്‌സിംഗ്, മിഡൈ്വഫറി വിദ്യാര്‍ഥികളാണ് എന്‍ എം ബി ഐയില്‍ രജിസ്റ്റര്‍ ചെയ്തത്.അതേസമയം അയര്‍ലണ്ടില്‍ നിന്ന് 1,555 പേരേ രജിസ്റ്റര്‍ ചെയ്തുള്ളു.
രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ നഴ്സുമാരെയും മിഡൈ്വഫുമാരെയും പരിശീലിപ്പിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്നമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രാജ്യത്തെ സര്‍വ്വകലാശാലകളിലും കോളേജുകളിലും കൂടുതല്‍ ആളുകള്‍ക്ക് പരിശീലനം നല്‍കിയാല്‍ പ്രശ്നത്തിന് പരിഹാരമാകും.എന്നാല്‍ അതിനുള്ള ശ്രമങ്ങളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമില്ല.
നഴ്‌സുമാര്‍ക്കൊപ്പം ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റിനും എച്ച് എസ് ഇ നീക്കം നടത്തുന്നുണ്ട്.ഇതിനായി ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണെല്ലി ഒരു വര്‍ക്കിംഗ് ഗ്രൂപ്പും രൂപീകരിച്ചിരുന്നു.കഴിഞ്ഞ ആഴ്ച, പുതിയ കണ്‍സള്‍ട്ടന്റുമാരുടെ കരാറും കാബിനറ്റ് അംഗീകരിച്ചു.ആഴ്ചയില്‍ 37 മണിക്കൂര്‍ ജോലി ചെയ്യുന്ന കണ്‍സള്‍ട്ടന്റുമാര്‍ക്ക് 2,09,915- 2,52,150 യൂറോ ലഭിക്കുന്നതാണ് പുതിയ കരാര്‍.ഐ എം ഒ,ഐ എച്ച് സി എ എന്നീ സംഘടനകളുമായി കഴിഞ്ഞ രണ്ട് വര്‍ഷത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ യാഥാര്‍ഥ്യമായത്.
അതിനിടെ എച്ച് എസ് ഇയുടെ വിദേശ റിക്രൂട്ട്മെന്റില്‍ അതിശയമില്ലെന്ന് ഐ എന്‍ എം ഒ യുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ എഡ്വേര്‍ഡ് മാത്യൂസ് പറഞ്ഞു.ആരോഗ്യ പ്രവര്‍ത്തകരുടെ റിക്രൂട്ട്‌മെന്റില്‍ അയര്‍ലണ്ട് അവിശ്വസനീയമായ വെല്ലുവിളികളാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അയര്‍ലണ്ടില്‍ പരിശീലനം നേടിയ നഴ്‌സുമാരെ വിദേശത്തേക്ക് പോകാന്‍ നിര്‍ബന്ധിതമാക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളത്.ആഫ്രിക്കയില്‍ നിന്നും നോണ്‍ ഇ യു രാജ്യങ്ങളില്‍ നിന്നും ജീവനക്കാരെ കൊള്ളയടിക്കാനാണ് എച്ച് എസ് ഇ ശ്രമിക്കുന്നതെന്നും സംഘടന ആരോപിച്ചിരുന്നു.